കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള ചർച്ച ശക്തമാകുകയാണ്. സോഷ്യൽമീഡിയയിൽ പലരീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്. അമ്മ’ സംഘടനയുടെ ഭാവി തുലാസിലായ സാഹചര്യത്തിൽ അമ്മയ്ക്ക് ബദലായി മറ്റൊരു സംഘടന ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് ചർച്ചകൾ ഉയർന്നുവരുന്നത്. പൃഥ്വിരാജ്,ടൊവിനോ തുടങ്ങിയ മുൻനിര യുവതാരങ്ങൾ മുൻകൈ എടുത്തായിരിക്കും പുതിയ താരസംഘടനയുടെ രൂപീകരണം നടത്തുകയ എന്നാണ് അഭ്യൂഹം ഉയരുന്നത്. സോഷ്യൽമീഡിയയിൽ ഈ തരത്തിലുള്ള ചർച്ചകൾ സജീവമായെങ്കിലും ഇരുതാരങ്ങളും ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മ എടുത്ത നിലപാടുകളെ താരം തള്ളിയിരുന്നു. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതായി പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതിൽ തടസ്സമില്ല. അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണ വിധേയർ സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകണമെന്നും മറിച്ച്, തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു.
‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാവരും എവിടെയും സുരക്ഷിതരായിരിക്കണമെന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്. നീതി നടപ്പാകും എന്ന് വിശ്വസിക്കുക. എല്ലാ ജോലിസ്ഥലത്തും ആളുകൾ സുരക്ഷിതരായിരിക്കണം. മലയാളം സിനിമ മേഖലയിൽ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നില്ലായെന്നല്ല’, ടൊവിനോ വ്യക്തമാക്കിയിരുന്നു.
പുതിയ ഭരണസമിതിയിൽ ടൊവിനൊ തോമസും പൃഥ്വിരാജും വേണമെന്ന് ആവശ്യം യോഗത്തിലുയർന്നു. യുവ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.
Discussion about this post