കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തന്നെ ആശയവിനിമയത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ ആശയവിനിമയ കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവരാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പുതിയ പഠന റിപ്പോർട്ട് പ്രകാരം പുതുതലമുറയിൽ പെട്ടവർക്ക് ഫോണിൽ സംസാരിക്കാനായി താല്പര്യം ഇല്ലെന്നാണ് പറയപ്പെടുന്നത്. ടെക്സ്റ്റ് മെസ്സേജിങ് ആണ് പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ കാര്യമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.
ഈ പുതിയ തലമുറയിൽ തന്നെ ചിലർക്ക് ടെക്സ്റ്റ് മെസ്സേജുകളും മറ്റു ചിലർക്ക് വോയിസ് മെസ്സേജുകളും ആണ് താല്പര്യം. 18 വയസ്സിനും 34 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരിലാണ് ടെക്സ്റ്റ് മെസ്സേജിന് താല്പര്യമുള്ളത് എന്നാണ് പറയപ്പെടുന്നത്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകളും പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന ഫോൺ കോളുകളും എടുക്കാനോ സംസാരിക്കാനോ താല്പര്യം ഇല്ല എന്നും ഈ തലമുറയിൽ പെട്ടവർ പറയുന്നു.
എന്നാൽ ആശയവിനിമയത്തിന്റെ കാര്യത്തിൽ യുവതലമുറ ഒട്ടും പുറകിൽ അല്ല. ചാറ്റ് ഗ്രൂപ്പുകൾ വഴിയും മെസ്സേജിങ് ആപ്പുകൾ വഴിയും ടെക്സ്റ്റുകളും വോയിസ് മെസ്സേജുകളും ഒക്കെയായി മുതിർന്നവരെക്കാൾ കൂടുതൽ സമയം ആശയവിനിമയത്തിനായി ചെലവഴിക്കുന്നത് പുതിയ തലമുറയാണ്. അതേസമയം 35 വയസ്സിനും 54 വയസ്സിനും ഇടയിൽ പ്രായമുള്ള മുതിർന്ന തലമുറ മെസ്സേജുകളെക്കാൾ കൂടുതൽ ഫോൺ കോളുകൾക്ക് പ്രാധാന്യം നൽകുന്നവരാണ് എന്നും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post