വൈശാലിയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് സുപർണ ആനന്ദ്. നാലേ നാല് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും സുപർണയ്ക്ക് ഏറെ ആരാധകർ ഉണ്ട്. ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പലരും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നുണ്ട്. ആ കൂട്ടത്തിൽ സുപർണയും താരത്തിന്റെ അനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കി.
മലയാള സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മൂലമാണ് തനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി സുപർണ ആനന്ദ് വെളിപ്പെടുത്തി. മലയാള സിനിമയിൽ നിന്ന് ഉൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. തനിക്ക് പലതരത്തിലുള്ള സമ്മർദങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് നടി തുറന്നു പറയുന്നുണ്ട്.
കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ടെന്നും സുപർണ്ണ പറഞ്ഞു. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാൽ കേസെടുത്തിട്ട് പോലും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷിൻറെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപർണ വ്യക്തമാക്കി. മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹൻ ലാലിൻറെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപർണ്ണ തുറന്നടിച്ചു.എല്ലാവരെയും ഉൾക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുൻപോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങൾ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപർണ്ണ പറഞ്ഞു
‘ഒരുപക്ഷേ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവില്ല, അല്ലെങ്കിൽ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവും. എന്നാൽ എന്തിനാണ് എല്ലാവരും ഇവരെ പേടിക്കുന്നത്? ഇത്തരം അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറാവുന്ന സ്ത്രീകൾ ഉണ്ടായേക്കാം. എന്നാൽ എല്ലാവരും അങ്ങനെ ചിന്തിക്കില്ല. എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ 35 വർഷത്തിനു ശേഷം ഇപ്പോൾ ആ വ്യക്തിയുടെ പേര് പറയുന്നതിൽ കാര്യമില്ല.’ സുപർണ കൂട്ടിച്ചേർത്തു.ഞാൻ ഗന്ധർവ്വനു ശേഷം പിന്നീട് സുപർണ മലയാളത്തിലേക്ക് വന്നിട്ടില്ല. താരത്തിനു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മൂലമാണ് അത്തരമൊരു തീരുമാനത്തിലേക്ക് സുപർണയെ നയിച്ചത്. 1997ൽ തന്നെ സിനിമ പൂർണമായും ഉപേക്ഷിച്ചു.
Discussion about this post