എറണാകുളം: ആർഡിഎക്‌സ് സിനിമയിലെ നിർമ്മാതാക്കൾക്കെതിരെ പോലീസിൽ പരാതി. സിനിമയുടെ സഹനിർമ്മാതാവായ തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന എബ്രഹാമാണ് പരാതി നൽകിയിരിക്കുന്നത്. ലാഭവിഹിതം നൽകാതെ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജന പരാതി നൽകിയിരിക്കുന്നത്.
സോഫിയാ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ ഇരുവർക്കുമെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. വഞ്ചന കുറ്റത്തിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്. സിനിമയുടെ നിർമ്മാണത്തിനായി ആറ് കോടി രൂപയാണ് അഞ്ജന മുടക്കിയത്. ഈ വേളയിൽ ലാഭത്തിന്റെ 30 ശതമാനം ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇത് നൽകാതെ തന്നെ വഞ്ചിച്ചുവെന്നാണ് അഞ്ജനയുടെ പരാതി.
വീക്കെൻഡ് ബ്ലോക്ബസ്‌റ്റേഴ്‌സ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വൻ വിജയം ആയിരുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗ്ഗീസ്, നീരജ് മാധവ്, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Discussion about this post