എറണാകുളം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെളിപ്പെടുത്തലുമായി എഐസിസി അംഗം സിമി റോസ്‌ബെൽ. പാർട്ടിയിലെ തന്റെ അവസരങ്ങൾ വിഡി സതീശൻ ഇല്ലാതാക്കിയെന്നാണ് സിമി റോസ്‌ബെല്ലിന്റെ ആരോപണം. അവഗണന ഇനിയും തുടർന്നാൽ, പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരുമെണന്നും അവർ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പലരുടെയും പിന്തുണ തനിക്കുണ്ട്. എന്നാൽ, പാർട്ടി ഭാരവാഹിത്വത്തിലേയ്ക്ക് വരാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുവദിക്കുന്നില്ല. പാർട്ടിയിലെ തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ വിഡി സതീശനും സംഘവും നിരന്തരം ശ്രമിക്കുകയാണ്. ഹൈബീ ഇടനും ഇതിന് തടസം നിൽക്കുന്നു. പാർട്ടിയിൽ തനിക്ക് പ്രവർത്തിക്കണമെങ്കിൽ തന്റെയത്ര പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ലാത്ത വിഡി സതീശന്റെ സമ്മതം വേണോ എന്നും സിമി ചോദിച്ചു.
തന്നേക്കാൾ ജൂനിയറായ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതും മാദ്ധ്യമ വിഭാഗത്തിന്റെ ചുമതല നൽകിയതും തന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നും സിമി റോസ്‌ബെൽ ആരോപിച്ചു. വീട്ടിലിരുന്നോളാൻ വിഡി സതീശൻ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post