എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർഗ്രൂപ്പ് പരാമർശം വലിയ ചർച്ചയായിക്കൊണ്ടിരിക്കേ ഫേസ്ബുക്ക് പോസ്റ്റുമായി നടന്റെ ഡ്രൈവർ അപ്പുണ്ണി എന്ന് അറിയപ്പെടുന്ന സുനിൽ രാജ്. ദിലീപിനും അദ്ദേഹത്തിന്റെ മറ്റ് കൂട്ടാളികൾക്കും ഒപ്പമുള്ള ചിത്രമാണ് സുനിൽ രാജ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതിന് മുകളിലായി നൽകിയ കുറിപ്പ് ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
ടീം പവർഗ്രൂപ്പ് എന്നാണ് സുനിൽ രാജ് ചിത്രത്തിന് മുകൡലായി കുറിച്ചത്. പവർഗ്രൂപ്പ് പരാമർശത്തിന് പിന്നാലെ ആരാണ് സിനിമയിലെ പവർഗ്രൂപ്പ് എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് പൊതുജനം. ഇതിനിടെയാണ് സ്വയം പവർഗ്രൂപ്പ് എന്ന പ്രഖ്യാപനവുമായി ദിലീപിന്റെ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പവർഗ്രൂപ്പ് ദിലീപ് ആണെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപിന്റെ ശക്തമായ ഇടപെടൽ സിനിമാ രംഗത്ത് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. നടിയെ പിന്തുണച്ചതിന്റെ പേരിൽ നടൻ ഇടപെട്ട് മുൻതിര താരങ്ങളുടെ അടക്കം അവസരം നഷ്ടപ്പെടുത്തിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഡബ്ല്യുസിസിയെ ഒതുക്കാനുള്ള ശ്രമവും ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയെന്നും ആരോപണം ഉയരുന്നു.
Discussion about this post