എറണാകുളം: യുവതിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ നടൻ നിവിൻ പോളിയ്ക്ക് പിന്തുണയുമായി ബാല. ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല തന്റെ നിലപാട് അറിയിച്ചത്. ആരോപണം ഉയർന്നതിന് തൊട്ട് പിന്നാലെ പൊതുസമൂഹത്തിന് മുൻപിൽ കാര്യങ്ങൾ വ്യക്തമാക്കിയ നിവിൻ പോളിയ്ക്ക് ആണത്തം ഉണ്ടെന്നും ബാല വ്യക്തമാക്കി.
നിവിൻ പോളിയോട് തനിക്ക് ബഹുമാനം ആണ്. ആരോപണം ഉയർന്നതിന് തൊട്ട് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേർത്ത് അദ്ദേഹം കാര്യങ്ങൾ വിശദമാക്കി. അതിനൊരു ആണത്തം വേണം. അങ്ങിനെയാണ് വേണ്ടത്. തെറ്റ് ചെയ്യാത്തവർക്ക് ഒളിച്ചോടേണ്ട ആവശ്യം ഇല്ല. നിവിൻ പറഞ്ഞതിൽ ഏറ്റവും നല്ല കാര്യം ഇതാണെന്നും ബാല പറഞ്ഞു.
ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. നിരവധി കുടുംബങ്ങളാണ് സിനിമാ മേഖലയെ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കാര്യങ്ങളിൽ വ്യക്തത നൽകിയ നിവിനോട് ബഹുമാനം മാത്രം. ആണായാലും പെണ്ണായാലും സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതിക്കാരുടെ കടമയാണ്. ഇവിടെയും സത്യം തെളിയിക്കേണ്ടത് പരാതിക്കാരിയാണ്. അല്ലാതെ നിവിൻ അല്ല. വരുവരായ്മകൾ അവർ നേരിടട്ടെയെന്നും ബാല കൂട്ടിച്ചേർത്തു.
കേസിൽ ഏതറ്റംവരെയും പോകാനാണ് നിവിന്റെ തീരുമാനം. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് എല്ലാവരും നിയമവശങ്ങളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്. ആരുമില്ലെന്ന് ഒന്നും ഇനി പറയരുത്. നിവിന്റെ കൂടെ ഞാനുണ്ട് എന്നും ബാല പറഞ്ഞു.
Discussion about this post