ഓണനാളിനായി ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പൂവിളിയും പൂക്കളവുമായി ഐശ്വര്യത്തിന്റെ ഓണം നമ്മുടെ വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞു. ഗ്രാമനഗരവ്യത്യാസമില്ലാതെ എല്ലാവരും ഓണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നാൽ ആഘോഷങ്ങളോടും ആചാരങ്ങളോടും ഒപ്പം വിപണികളുടേത് കൂടിയാണ്. കോടിക്കണക്കിന് രൂപയാണ് ഓണത്തോട് അനുബന്ധിച്ച് വിപണിയിലേക്ക് ഒഴുകാൻ പോകുന്നത്. ചിങ്ങം പിറന്നതോടെ വിവാഹവിപണിയും സജീവമായി. ഇക്കുറി ഓണത്തിന്റെ 10 ദിവസങ്ങളിൽ മാത്രം 7,000 കോടിയുടെ സ്വർണാഭരണ വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 10 ദിവസങ്ങളിലായി 5,000 കോടിരൂപയുടെ വിൽപ്പന നടന്നിരുന്നു. ഇത്തവണ അധിലും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നുണ്ടെങ്കിലും അത് വിൽപ്പനയെ ബാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിവാഹസീസൺ കൂടി ആയതോടെ ഓണത്തിന് പൊന്ന് കച്ചവടം പൊടിപൊടിക്കും. ശരാശരി 25 പവൻ ആഭരണങ്ങളാണ് ഒരു വിവാഹപാർട്ടി വാങ്ങുന്നതത്രേ.
ഓണക്കോടി വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്. ഓണക്കാലം 20,000-25,000 കോടിരൂപയുടെ വസ്ത്രവിൽപ്പനയാണ് പ്രതിവർഷം കേരളത്തിൽ നടക്കുന്നത് ഇതിന്റെ 40-50 ശതമാനവും നടക്കുന്നത് ഓണക്കാലത്താണ്. ഇക്കുറി 8,000 കോടി മുതൽ 10,000 കോടിരൂപയുടെ വരെ വിൽപ്പന നടക്കാറുണ്ട്.
ഓണവിപണി മുന്നിൽ കണ്ട് വമ്പൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും വ്യാപാരികള് ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് മൊബൈൽ വിപണികളും ഇത്തവണയും കച്ചവടം പൊടിപൊടിക്കും.
Discussion about this post