മലയാളികളുടെ ഓണാഘോഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത ദിവസമാണ് അത്തപ്പിറവി. അത്തം മുതൽ 10 ദിവസമാണ് മലയാളികൾ ഓണം ആഘോഷിക്കാറ്. ഈ പത്ത് ദിവസം അതിരാവിലെ തന്നെ നമ്മുടെ ഓണാഘോഷം ആരംഭിക്കും. പൂക്കളം തീർത്തുകൊണ്ടാണ് ഓണക്കാലത്തെ ഒരു ദിവസങ്ങൾക്ക് കേരളീയർ തുടക്കമിടാറുള്ളത്. ഓണം കഴിയുന്നതുവരെ ഇത് തുടരും.
ഓണനാളുകളിൽ പൂക്കളത്തിന് വലിയ പ്രാധാന്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ 10 ദിവസവും മുടക്കം കൂടാതെ പൂക്കളം ഇടും. സമൃദ്ധിയെയും ഐശ്വര്യത്തെയുമാണ് മുറ്റത്ത് തീർക്കുന്ന ഈ പൂക്കളങ്ങൾ സൂചിപ്പിക്കുന്നത്.
പൂവെന്നും കളമെന്നുമുള്ള രണ്ട് വാക്കുകൾ ചേർന്നതാണ് പൂക്കളം. പൂവെന്നാൽ പൂക്കളും കളം എന്നാൽ കോലത്തെയും സൂചിപ്പിക്കുന്നു. വൃത്താകൃതിയിൽ ആണ് ഈ പൂക്കളങ്ങൾ തീർക്കാറുള്ളത്. അത്ത നാളിൽ താരതമ്യേന ചെറിയ പൂക്കളം ആണ് സാധാരണയായി ഒരുക്കാറ്. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം വർദ്ധിപ്പും. തിരുവോണ നാളിലാണ് ഏറ്റവും വലിയ പൂക്കളം വീട്ടുമുറ്റത്ത് തീർക്കാറുള്ളത്.
ചാണകം കൊണ്ട് മെഴുകിയ ശേഷമാണ് പൂക്കൾ ഇടാറുള്ളത്. ആദ്യ ദിനം മഞ്ഞപ്പൂക്കൾ കൊണ്ട് മാത്രം പൂക്കളം ഒരുക്കുന്നവർ ഉണ്ട്. പിന്നീട് ഓരോ ദിവസവും ഓരോ നിറങ്ങളിലുള്ള പൂക്കൾ പൂക്കളത്തിൽ സ്ഥാനം പിടിയ്ക്കും. സാധാരണയായി വട്ടത്തിലാണ് പൂക്കളം തീർക്കാറുളളത് എങ്കിലും ചില സ്ഥലങ്ങളിൽ മൂലം നാളിൽ ചതുരത്തിൽ പൂക്കളം തീർക്കാറുണ്ട്.
മാവേലി തമ്പുരാനെ വരവേൽക്കാനാണ് പൂക്കളം തീർക്കുന്നത് എന്നാണ് വിശ്വാസം. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട ശേഷം ജനങ്ങളെ കാണാൻ എത്തിയ മഹാബലിയെ പൂക്കളം ഇട്ടായിരുന്നു ആളുകൾ സ്വീകരിച്ചത് എന്നാണ് പറയപ്പെടുന്നത്. ഈ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്.
എന്നാൽ പൂക്കളത്തിനൊപ്പം അരിമാവ് കൊണ്ടുള്ള കോലവും ചിലയിടങ്ങളിൽ വരയ്ക്കാറുണ്ട്. ഇതിന് പുറമേ മാതേവരെയും പൂക്കളത്തിന് നടുവിലായി വയ്ക്കും. ഇത് പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
പാലക്കാട് ഭാഗങ്ങളിൽ കർക്കടകം ഒന്ന് മുതൽ തന്നെ ആളുകൾ പൂവിട്ട് തുടങ്ങും. ഓണം കഴിഞ്ഞാലും ഇത് തുടരും. ആയില്യം- മകം വരെയാണ് ഇവർ പൂക്കളം ഒരുക്കാറ്.
Discussion about this post