തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ സർക്കാരിന്റെ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കം. വൈകീട്ട് അഞ്ച് മണിയ്ക്ക് ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിലാണ് ഉദ്ഘാടന പരിപാടി.
ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ പരിപാടിയിയിൽ അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടിയാണ് ആദ്യ വിൽപ്പന നടത്തുക.
ഇന്ന് മുതൽ 14 വരെയാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകൾക്ക് നാളെ മുതലാണ് തുടക്കമാകുക. 13 ഇനം സബ്‌സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ ഉണ്ടാകും. വിപണിയിലെ സാധനങ്ങൾക്ക് 10 മുതൽ 50% വരെ വിലക്കുറവാണ് ഉള്ളത്. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ൽ അധികം നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
Discussion about this post