തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ നിന്നും വനംമന്ത്രി എ.കെ ശശീന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ നീക്കം. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി എൻസിപി അദ്ധ്യക്ഷൻ പി.സി ചാക്കോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം എൻസിപിയുടെ ആഭ്യന്തരകാര്യമാണെന്ന് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം രാജിവയ്ക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ശശീന്ദ്രൻ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ പിടിവലി ആയിരുന്നു. ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് രംഗത്ത് എത്തി. ഇതോടെ എൻസിപിയിൽ പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നു. തോമസിന് മന്ത്രിസ്ഥാനം നൽകില്ലെന്ന നിലപാടിൽ ശശീന്ദ്രൻ ഉറച്ചുനിന്നു.
ഇതോടെ സമവായത്തിനായി രണ്ടര വർഷത്തിന് ശേഷം ശശീന്ദ്രനോട് രാജിവച്ച് അധികാരം തോമസിന് കൈമാറാൻ പാർട്ടി നിർദ്ദേശിച്ചു. എന്നാൽ ഇതിന് അദ്ദേഹം വഴങ്ങിയില്ല. പി.സി ചാക്കോയുൾപ്പെടെ മുതിർന്ന നേതാക്കൾ ഉള്ളതായിരുന്നു ശശീന്ദ്രന്റെ ധൈര്യം. എന്നാൽ അടുത്തിടെ ശശീന്ദ്രൻ ക്യാമ്പിൽ നിന്നും അകന്ന ചാക്കോ തോമസുമായി അടുത്തു. ഇതോടെയാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
Discussion about this post