കൊച്ചി: ഭാഗ്യദേവതയിൽ ബാലതാരമായി വന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നായികയായി തിളങ്ങുന്ന നടിയാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാണ് ഇന്ന് താരം. ഗുരുവായൂർ അമ്പല നടയിലൂടെ അഴകിയ ലൈല എന്ന വിളിപ്പേരും താരത്തിന് ലഭിച്ചു.
ഭാഗ്യദേവതയ്ക്ക് ശേഷം ലൗ 24 24×7 ലാണ് താരത്തെ കണ്ടത്. ആദ്യ സിനിമയ്ക്ക് ശേഷംപിന്നീട് തമിഴിൽ നിന്ന് ചില സിനിമകൾ വന്നു. അത് ചെയ്തുവെങ്കിലും, ഒന്നും റിലീസായില്ല. വളരെ മോശം അനുഭവമായിരുന്നു അത്. പൈസയും കൃത്യമായി കിട്ടില്ല, വണ്ടിക്കൂലിയും തരില്ല, ഏതെങ്കിലും ട്രെയിനിൽ കയറ്റി വിടുന്ന അവസ്ഥയായിരുന്നു. അതിന് ശേഷം അഭിനയിക്കാൻ തന്നെ മടിയായിരുന്നുവെന്ന് താരം പറയുന്നു.
കരിയറിന്റെ തുടക്കകാലത്തെ ഒരു അനുഭവത്തെ കുറിച്ചാണ് നിഖില പറയുന്നത്. തുടക്കകാലത്ത് ഞാൻ ചില തമിഴ് സിനിമകളിൽ അഭിനയിച്ചു. അന്നൊന്നും സിനിമയെക്കുറിച്ച് കൃത്യായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം. ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയതാണ് ഞാനും അമ്മയും. ഇടയ്ക്ക് വച്ച് ഷൂട്ടിങ് മുടങ്ങി. സിനിമയുടെ പ്രവർത്തകർ ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ട്രെയ്നിൽ കയറ്റി ഇരുത്തി. ഒടുവിൽ ടിടിഇ വന്നപ്പോൾ ടിക്കറ്റുമില്ല, റിസർവേഷനുമില്ല. ഞങ്ങളുടെ കയ്യിൽ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗിൽ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ടെന്ന് നിഖില പറയുന്നു.
Discussion about this post