കൊച്ചി: ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ് ആണ് എപ്പോഴും മുകളിലെന്ന് ശ്രീകുമാരൻ തമ്പി. അവതരിപ്പിക്കുന്നവൻ സ്രഷ്ടാവിന് താഴെയാണ്. പക്ഷേ സൃഷ്ടാക്കൾക്ക് എപ്പോഴും അപകർഷതാ ബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതികവിദഗ്ധരുടെ ആദ്യ സംഘടനയായ ‘മാക്ട’യുടെ പരമോന്നത ബഹുമതിയായ ലെജൻഡ് ഹോണർ പുരസ്‌കാരം മുപ്പതാംവാർഷികാഘോഷച്ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു.
സ്രഷ്ടാക്കൾ ആരുമല്ല എന്നും അവതരിപ്പിക്കുന്നവർ മാത്രമാണ് പ്രധാനപ്പെട്ടവർ എന്ന തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്. സ്രഷ്ടാവിന് മാത്രമാണ് പകർപ്പവകാശം. അവതരിപ്പിക്കുന്നവർക്ക് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്. സൂപ്പർതാരം വരുമ്പോൾ പതിനായിരങ്ങൾ കൂടിയേക്കാം അടിപിടി എല്ലാം വന്നേക്കാം. എംടി വന്നാൽ അയ്യായിരം പേരെ കാണൂ. പക്ഷേ, എക്‌സോ വൈയോ ഏത് സൂപ്പർതാരവും ഔട്ടായാൽ ആരും തിരിഞ്ഞുനോക്കില്ല. എന്നാൽ എംടി വന്നാൽ അപ്പോഴും അയ്യായിരം പേരുതന്നെ കാണും എന്നും അദ്ദേഹം പറഞ്ഞു.
അവതരിപ്പിക്കുന്നവർ സ്രഷ്ടാവിന് താഴെയാണ്. പക്ഷേ, സ്രഷ്ടാക്കൾക്ക് പലപ്പോഴും അപകർഷതാബോധമുണ്ട്. അതുകൊണ്ടാണ് അവതരിപ്പിക്കുന്നവരുടെ പിന്നാലെ നടക്കുന്നതും കാല് തിരുമ്മുന്നതും. ഒരിക്കലും നമ്മൾ തലകുനിക്കരുത്. എന്റെ തല ഒരിക്കലും കുനിച്ചിട്ടില്ല. എത്രവലിയ അഭിനേതാവിന്റെ മുൻപിലും.കാരണം എനിക്ക് ഞാനാണ് സ്രഷ്ടാവെന്ന ബോധ്യമുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇതിന് മുൻപ് മലയാള സിനിമയിൽ താരാധിപത്യം സൃഷ്ടിച്ചത് മമ്മൂട്ടിയും മോഹൻലാലുമാണെന്നും അതിന്റെ ആദ്യഇര താനാണെന്നും ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തിയിരുന്നു. തന്നെയടക്കം നിരവധിപേരെ സിനിമാ മേഖലയിൽനിന്നുതന്നെ അവർ മാറ്റിനിർത്തിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംവിധായകനും നിർമാതാവും ചേർന്നാണ് നടീ നടന്മാരെ നിശ്ചയിച്ചിരുന്നത്. പിന്നീട് സിനിമ ആര് സംവിധാനം ചെയ്യണമെന്ന് നായകർ തീരുമാനിക്കുന്ന സ്ഥിതിയായി. തുടർച്ചയായി സിനിമയെടുത്തിരുന്ന സംവിധായകരും നിർമാതാക്കളും പുറത്തായി. ഇതിനെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Discussion about this post