തിരുവനന്തപുരം : കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ്, വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽനിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് സതീശനും സംഘവും ലക്ഷ്യമിട്ടത് എന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ വിജയസാധ്യത സുനിൽകുമാറിനായിരുന്നു എന്നാണ് സതീശൻ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എൽഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചത്? സുരേന്ദ്രൻ ചോദിച്ചു.
സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെയും ആഞ്ഞടിച്ചു. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് കിട്ടി. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്ലിംകളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോ? എന്ത് പച്ചക്കള്ളമാണ് സതീശൻ പറഞ്ഞ് പരത്തുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു .
എഡിജിപി ആർഎസ്എസ് സർകാര്യവാഹിനെ കണ്ടുവെന്ന് പറയുന്നത് 2023 ൽ ആണ്. 2024 ഏപ്രിലിലാണോ ആർഎസ്എസ് നേതാവിനെ കണ്ടത് അതിന്റെ ഉത്തരം ആദ്യം പറയൂവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായിയും വിഡി സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസാണ്. പിണറായി വിജയന്റെ ഏജന്റാണ് വിഡി സതീശൻ. വിഡി സതീശന്റെ പേരിൽ ഉയർന്നുവന്ന പുനർജ്ജനി തട്ടിപ്പ് കേസ് എന്തുകൊണ്ടാണ് കോൾഡ് സ്റ്റോറേജിൽ നിന്ന് പുറത്തെടുക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സതീശന്റെ അടുത്തയാളാണ് അജിത് കുമാർ. രാഹുൽ ഗാന്ധിയെയും കുഞ്ഞാലിക്കുട്ടിയെയും എഡിജിപി കണ്ടിട്ടുണ്ട്. കോൺഗ്രസിലെ എല്ലാനേതാക്കളുമായും അജിത് കുമാറിന് ബന്ധമുണ്ട്. കുഞ്ഞാലിക്കുട്ടിയെയും സതീശനെയും എഡിജിപി കണ്ടത് പരസ്യമായിട്ടാണോയെന്ന് സതീശൻ വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post