വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 40 കാരന് വിവാഹം കഴിച്ച് കൊടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊഴുതന സ്വദേശി കെ.സി സുനിൽ കുമാർ ആണ് അറസ്റ്റിലായത്. വിവാഹ ബ്രോക്കറാണ് ഇയാൾ. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പെൺകുട്ടിയെ വിവാഹം ചെയ്ത വടകര സ്വദേശി കെ.സുജിത്താണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ശൈശവ വിവാഹത്തിന് ഇരയായത്. ബന്ധുക്കളെ പണം നൽകി സ്വാധീനിച്ച് പെൺകുട്ടിയുടെ ജനന തിയതി വ്യക്തമാക്കുന്ന രേഖകൾ തിരുത്തുകയായിരുന്നു. ആധാർ കാർഡ് ഉൾപ്പെടെ തിരുത്തി പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതായി അധികൃതരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു വിവാഹം.
സുനിൽ കുമാർ ആയിരുന്നു ഇതിനെല്ലാം ചുക്കാൻപിടിച്ചത്. ഇതിനായി വലിയ തുകയും ബ്രോക്കർ ഫീസ് ഇനത്തിൽ സുജിത്തിൽ നിന്നും സുനിൽ കുമാർ കൈപ്പറ്റിയിരുന്നു. അറസ്റ്റിലായ ശേഷം സുനിൽ കുമാറിന്റെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും പട്ടിക വർഗ്ഗ വിഭാഗക്കാരായ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജില്ലയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന സംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്.
Discussion about this post