ബെയ്ജിംഗ്: ചൈനയിൽ യുവാവ് പണിയെടുത്ത് മരിച്ചതായി റിപ്പോർട്ട്. ആബോ എന്ന് പേരുള്ള 30 കാരനാണ് വിശ്രമമില്ലാതെ പണിയെടുത്ത് മരിച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു യുവാവിന്റെ മരണം.
ആബോയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയുടെ പകർപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം വാർത്തകളിൽ ഇടംപിടിച്ചത്. അവധിയില്ലാതെ ജോലി ചെയ്തത് മൂലം യുവാവിന്റെ ആന്തരികാവയവങ്ങൾ തകരാറിൽ ആയി. ഇതോടെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
പെയിന്റർ ആയിരുന്നു ആബോ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു പ്രമുഖ കമ്പനിയുമായി ആബോ കരാറിൽ ഏർപ്പെട്ടത്. ഈ വർഷം ജനുവരി വരെ ആയിരുന്നു കരാർ. എന്നാൽ ഫെബ്രുവരിയിൽ ജോലി ആരംഭിച്ച ആബോയെ മെയ് മാസമായപ്പോഴേയ്ക്കും അവശനായി ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. കേവലം 104 ദിവസം മാത്രമായിരുന്നു ആബോ അവിടെ ജോലി ചെയ്തത്. ഇതിനിടെ ഏപ്രിൽ 6 ന് മാത്രം അവധിയെടുത്തു.
അവധി എടുക്കാതെ ജോലി തുടർന്ന ആബോയ്ക്ക് മെയ് 25 ന് ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യനില കൂടുതൽ വഷളായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും ആബോയുടെ ആരോഗ്യം പൂർണമായും നശിച്ചിരുന്നു. തുടർന്ന് ജൂൺ ഒന്നിന് ആബോ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ അവധിയില്ലാതെ പണിയെടുപ്പിച്ച കമ്പനിയ്‌ക്കെതിരെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കമ്പനി കുടുംബത്തിന് 47,46,000 കോടി രൂപ നൽകണം എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം ആബോ സ്വന്തം ഇഷ്ടപ്രകാരം ആണ് ജോലി ചെയ്തത് എന്നാണ് കമ്പനിയുടെ വാദം. അവധി നൽകിയിരുന്നു. എന്നാൽ വേണ്ടെന്ന് പറഞ്ഞു. അസുഖബാധിതനായിട്ടും ജോലിയ്‌ക്കെത്തിയത് ആബോയുടെ കുറ്റം ആണ് എന്നും കമ്പനി വാദിച്ചു.
Discussion about this post