നാസയുടെ ഡാർട്ട് പേടകം ഇടിച്ച് തരിപ്പണമാക്കിയ ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ട കണികകൾ ഭൂമിയിൽ വീഴാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ. പ്ലാനറ്ററി സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകരിച്ച ഏറ്റവും പുതിയ മോഡലിംഗ് പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. ചിലപ്പോൾ അവശിഷ്ടങ്ങൾ ചൊവ്വയിൽ എത്താനും സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2022 സെപ്റ്റംബർ 26 നാണ് നാസയുടെ ഡാർട്ട് ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കിയത്. ഡിഡിമോസ് എന്ന വലിയൊരു ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കിയത്. ചിത്രങ്ങൾ നാസ അന്ന് പുറത്തുവിട്ടിരുന്നു. ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിർത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണ് അന്ന് നടന്നത്.
ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണ് നടന്നത്. ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക. അത് വിജയകരമായിരുന്നു. അന്ന് ഈ കൂട്ടിയിടിയിൽ ധാരാളം അവശിഷ്ടങ്ങൾ പുറന്തളപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ പോളിടെക്‌നിക്കോ ഡി മിലാനോയിൽ നിന്നുള്ള എലോയ് പെന-അസെൻസിയോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ പുറന്തള്ളപ്പെട്ട വസ്തുവിന്റെ സഞ്ചാരപഥങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ആ നിരീക്ഷണത്തിലാണ് ചില അവശിഷ്ട കണികകൾ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിലും സമാനമായ സമയപരിധിക്കുള്ളിൽ ഭൂമിയിലും എത്തുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സെക്കൻഡിൽ 450 മീറ്റർ വേഗതയിൽ വിക്ഷേപിക്കപ്പെടുന്ന കണങ്ങൾക്ക് 13 വർഷത്തിനുള്ളിൽ ചൊവ്വയുടെ ഗുരുത്വാകർഷണമണ്ഡലത്തിൽ എത്താൻ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഭൂമിയെ സംബന്ധിച്ചിടത്തോളം, സെക്കൻഡിൽ 1.5 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുന്ന കണങ്ങൾക്ക് നമ്മുടെ ഗ്രഹത്തിന്റെ പരിസരത്ത് എത്താൻ സാധിക്കും.
10 സെന്റിമീറ്റർ മുതൽ 30 മീറ്റർ വരെ വ്യത്യസ്ത വലുപ്പത്തിലുള്ള മൂന്ന് ദശലക്ഷം കണങ്ങൾ ഗവേഷകർ സിമുലേറ്റ് ചെയ്തു, ഇത് 1 മീറ്റർ / സെക്കൻഡ് മുതൽ 2 കിലോമീറ്റർ / സെക്കൻഡ് വരെ വേഗതയിൽ സഞ്ചരിക്കുന്നു. ഏറ്റവും വലിയ ഉൽക്കകൾ ഒരു സോഫ്റ്റ്‌ബോളിന്റെ വലുപ്പമാണെങ്കിലും, അവ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുപ്പോൾ കത്താൻ സാധ്യതയുണ്ട്. ഉയർന്ന വേഗതയിൽ വിക്ഷേപിക്കുന്ന ചെറിയ കണങ്ങൾ ഭൂമിയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
ഡാർട്ട് സൃഷ്ടിച്ച ഉൽക്കകൾക്ക് വ്യത്യസ്തമായ സവിശേഷതകളുണ്ട്. അവ സാവധാനം നീങ്ങുന്നതും പ്രാഥമികമായി തെക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാവുകയും ചെയ്യും. ഇവ മെയ് മാസത്തിൽ എത്താനാണ് സാധ്യത എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Discussion about this post