ഇക്കാലത്ത് ജിമ്മിൽ പോവാത്ത ചെറുപ്പക്കാർ വളരെ കുറവായിരിക്കും. ജിമ്മിൽ പോയാല ശരീരഭാരം കുറയ്ക്കാമെന്നും ആരോഗ്യം സംരക്ഷിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും ജിമ്മിൽ പോവുന്നത്. ജിമ്മിനോടൊപ്പം കടുത്ത ഡയറ്റും ഇത്തരക്കാർ എടുക്കുമെങ്കിലും ഉറക്കത്തിന്റെ കാര്യത്തിൽ കൃത്യത പാലിക്കുന്നവർ ഇന്നത്തെ കാലത്തെ ചെറുപ്പക്കാർക്കിടയിൽ കുറവാണ്.
വൈകി ഉറങ്ങുന്നത് ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ കണ്ടുവരുന്ന പ്രവണതയാണ്. ആൺപെൺ വ്യത്യാസമില്ലാതെ ഒരുവിധം എല്ലാ ചെറുപ്പക്കാരും ഇങ്ങനെ തന്നെയാണ്. നേരത്തെ ഉറങ്ങുന്ന ചെറുപ്പക്കാർ ഇപ്പോഴത്തെ കാലത്ത് ഇല്ലെന്ന് തന്നെ പറയേണ്ടിവരും. അമിതമായ ഫോൺ ഉപയോഗവും കൂട്ടുകാരോടൊപ്പമുള്ള കറക്കവും സിനിമ കാണലുമൊക്കെയാണ് ഇത്തരം വൈകി ഉറങ്ങലിന്റെ കാരണം. പല മാനസിക സമ്മർദ്ദങ്ങൾ കൊണ്ടും ഉറങ്ങാൻ കഴിയാത്തവരും ഉണ്ട്.
എന്നാൽ, ഇങ്ങനെ വൈകി ഉറങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകി ഉറങ്ങുന്നവർക്ക് ടൈപ്പ് 2 ഡയബറ്റിസ് (പ്രമേഹം) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം പറയുന്നു. ഇത്തരക്കാർക്ക് ബോഡി മാസ് ഇൻഡക്‌സ് ( ബിഎംഐ) കൂടുതലായിരിക്കും. ശരിയായ രീതിയിൽ ഉറങ്ങാത്തവർക്ക് ഇടുപ്പളവ് വർദ്ധിക്കുമെന്നും വിസറൽ ഫാറ്റ്, കരളിലെ കൊഴുപ്പ് എന്നിവയും കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഈ പഠനം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. സ്‌പെയിനിലെ മാഡ്രിഡിൽ നടക്കുന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിക്‌സിന്റെ വാർഷിക യോഗത്തിൽ പഠനം അവതരിപ്പക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post