മലപ്പുറം: പോലീസിനെതിരായ പരാതികൾ അറിയിക്കാനായി പിവി അൻവർ എംഎൽഎ ആരംഭിച്ച വാട്‌സ് നമ്പർ ബ്ലോക്ക് ആയി. ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ വാട്‌സ് ആപ്പ് നമ്പർ ആരംഭിച്ചതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടതായി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആണ് നമ്പർ ബ്ലോക്ക് ആയത്.
ഒരു വാട്ട്‌സ്ആപ്പ് നമ്പർ പബ്ലിഷ് ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. അതിന്റെ തെളിവാണ് വാട്‌സ് ആപ്പ് നമ്പർ ബ്ലോക്ക് ആയത്. ഒരു നമ്പർ പോയാൽ അതിന് പകരമായി വേറെ ആയിരം നമ്പറുകൾ വരുമെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
പോലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്‌സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കീട്ടുണ്ട്..ഒരു നമ്പർ പോയാൽ വേറേ ആയിരം നമ്പർ വരും. അധികാരത്തിന്റെ പിൻബലത്തിലുള്ള മാഫിയാ പ്രവർത്തനങ്ങൾക്കൊപ്പം,
സർക്കാരിനെ ആകെ പൊതുജനങ്ങളുടെ ഇടയിൽ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്ന ഈ സിസ്റ്റത്തിലുള്ള ചില പുഴുക്കുത്തുകളെ ഒഴിവാക്കാൻ വേണ്ടിയുള്ള ശുദ്ധീകരണമാണു തുടങ്ങിവച്ചിട്ടുള്ളത്. അത് എത്ര പ്രതിസന്ധി സൃഷ്ടിച്ചാലും മുൻപോട്ട് തന്നെ പോകും.എല്ലാം ക്ലീനാക്കിയിട്ടേ ഈ പരിപാടി നിർത്താൻ പോകുന്നുള്ളൂ.
Discussion about this post