വയനാട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കുടുംബത്തിനെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൺ ഇനിയില്ല. മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.
ഇന്നലെ ആയിരുന്നു ജെൻസൺ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിൽ വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജെൻസന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. അപകടവിവരം അറിഞ്ഞത് മുതൽ പ്രാർത്ഥനയിലായിരുന്നു കേരളക്കര മുഴുവന്‍.
ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്‌നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ചൂരൽമലയിലെ സ്‌കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.
Discussion about this post