തിരുവനന്തപുരം: ഓണക്കാലത്ത് കോളടിച്ച് ബെവ്‌കോ ജീവനക്കാർ. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഇക്കുറി ജീവനക്കാർക്ക് ബോണസായി സർക്കാർ നൽകുന്നത്. ഇക്കുറി ഓണത്തിന് മദ്യവിൽപ്പനയിൽ ബെവ്‌കോ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് വൻ തുക തന്നെ ബോണസായി നൽകാൻ സർക്കാർ തീരുമാനിച്ചത്.
95,000 രൂപയാണ് ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ബോണസായി ലഭിക്കുക. കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ വരുമാനം വർദ്ധിച്ച സാഹചര്യത്തിൽ ബോണസ് തുകയും ഉയർത്താൻ സർക്കാർ തീരുമാനം എടുക്കുകയായിരുന്നു. മദ്യ വിൽപ്പനയിൽ 5000 കോടിയിലേറെ രൂപയാണ് സർക്കാരിന് ലഭിക്കുന്നത്. നിലവിൽ അയ്യായിരത്തോളം ജീവനക്കാരാണ് ഔട്ട് ലെറ്റിലും ഓഫീസിലുമായി ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ഇരട്ടി സന്തോഷമാണ് ഈ ഓണക്കാലത്ത് ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തന്നെ ഉയർന്ന ബോണസ് തുകയാണ് ബെവ്‌കോയിലെ ജീവനക്കാർക്ക് ലഭിക്കുന്നത്. സർക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാൻ പെർഫോമൻസ് ഇൻസെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേർതിരിച്ച് ഒരുമിച്ചായിരിക്കും നൽകും. 5000 രൂപ മുതലാണ് ബോണസ് തുക ആരംഭിക്കുന്നത്. സ്വീപ്പർ തൊഴിലാളികൾക്കാണ് 5000 രൂപ ബോണസായി നൽകുക. എക്‌സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ആണ് ബോണസ് ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
Discussion about this post