ലോകത്തെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ഇനിയും അവസാനമായില്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ഒന്നരവർഷത്തോളം നീണ്ട കോവിഡ് ലോക്ഡൗൺ കുട്ടികളിൽ അകാല മസ്തിഷ്‌ക വാർധക്യത്തിന്റെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സർവ്വകലാശാല.
ലോക്ഡൗണിലൂടെ കടന്നുപോയവരിൽ മസ്തിഷ്‌ക വാർധക്യം കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണെന്നും പഠനം തെളിയിക്കുന്നു. കൗമാരക്കാരായ പെൺകുട്ടികളെ പ്രശ്‌നം കൂടുതൽ ബാധിച്ചതിനു കാരണം അവരുടെ മസ്തിഷ്‌കത്തിന്റെ വളർച്ച സാമൂഹിക ഇടപെടലിനെ ആശ്രയിക്കുന്നു എന്നതാണ്. പ്രത്യേകിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് സമ്മർദ്ദം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനുമുള്ള മാർഗമായി അവർ കാണുന്നു. സാമൂഹികമായ ഇത്തരം ഇടപെടലുകളുടെ അഭാവമാണ് പെൺകുട്ടികൾക്ക് മസ്തിഷ്‌ക വാർധക്യം ബാധിക്കാൻ കാരണമേ്രത
2018ൽ ഒമ്പതിനും 17നും ഇടയിൽ പ്രായമുള്ള 160 കുട്ടികളുടെ എംആർഐ സ്‌കാനുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ എങ്ങനെയാണ് തലച്ചോറിന്റെ കോർട്ടെക്സ് സാധാരണയായി കനംകുറയുന്നതെന്ന് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് എംആർഐ സ്‌കാൻ ശേഖരിച്ചത്. കൊവിഡിന് ശേഷം 2021ലും 2022ലും ഇതേ സ്‌കാനുകൾ വീണ്ടും പരിശോധിക്കുകയും പഠനത്തിന് വിധേയമാക്കിയ 12നും 16നും ഇടയിൽ പ്രായമുള്ളവരുടെ പുതിയ എംആർഐ സ്‌കാനുകൾ ശേഖരിക്കുകയും ചെയ്തു.
പരിശോധനയിൽ ലോക്ഡൗണിന് ശേഷം പെൺകുട്ടികളുടെ തലച്ചോറിന് ശരാശരി 4.2 വയസ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ആൺകുട്ടികളിൽ ഇത് 1.4 വയസാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, 11-ാം വയസ്സിൽ എംആർഐ സ്‌കാൻ എടുത്ത പെൺകുട്ടി 14-ാം വയസ്സിൽ ലാബിൽ തിരിച്ചെത്തിയപ്പോൾ 18 വയസ്സുകാരിയുടേത് പോലെ വളർച്ച പ്രാപിച്ച മസ്തിഷ്‌കമുണ്ടെന്ന്.
Discussion about this post