മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നും പിവി അൻവർ ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി. പിവി അൻവറിനെ മതരാഷ്ട്രീയവാദിയെന്ന് ജയശങ്കർ വിളിച്ചതാണ് പ്രകോപനത്തിന് കാരണം.
അഡ്വക്കേറ്റ് ജയശങ്കർ വക്കീൽ പണി നിർത്തി കുറേ കാലമായി ഈ നാട് കുട്ടിച്ചോറാക്കാനും വർഗ്ഗീയത വിളമ്പാനും മാത്രം ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് അൻവറിന്റെ വീഡിയോ ആരംഭിക്കുന്നത്. കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പുറംലോകത്തെ അറിയിക്കാനുള്ള പോരാട്ടമുഖത്തിലാണ് കുറച്ച് നാളായി ഞാൻ. ഈ നാടിനെ സംരക്ഷിക്കേണ്ട ചില ഉദ്യോഗസ്ഥർ കൊള്ളയ്ക്കും കൊലയ്ക്കും വഞ്ചനയ്ക്കും കൂട്ടുനിൽക്കുകയാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ പിവി അൻവർ പറയുന്നു.
താൻ വർഗ്ഗീയവാദിയാണെന്നുള്ള ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ കക്കൂസ് മാലിന്യവുമായി നേരിൽ കാണുമെന്നും അത് ജയശങ്കറിന്റെ തലയിലൂടെ ഒഴിക്കുമെന്നും അൻവർ ഭീഷണി ഉയർത്തി. ജയശങ്കറിനെ വിവസ്ത്രനാക്കുമെന്നും അൻവർ വീഡിയോയിൽ ജയശങ്കറിനെ ഭീഷണിപ്പെടുത്തുന്നു.
ഇതേ തുടർന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാൻ തയ്യാറാണെന്നും എന്നാൽ ഉടൻ താൻ അതിന് മുതിരില്ലെന്നും പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും അതിനാൽ ഇപ്പോൾ ജയശങ്കറിനെ ആക്രമിക്കില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
Discussion about this post