തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ മറവിൽ കോടികൾ കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. യുക്തിയ്ക്ക് നിരക്കാത്ത തരത്തിലുള്ള കണക്കുകളാണ് രക്ഷാപ്രവർത്തനത്തിന് ചിലവായത് എന്ന തരത്തിൽ സർക്കാർ പുറത്തുവിട്ടത്. ദുരന്തത്തിൽപ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ ചിലവായി എന്നാണ് സർക്കാരിന്റെ കണക്ക്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.
ദുരന്തം ഉണ്ടായി രണ്ട് മാസത്തോട് അടുക്കുമ്പോഴാണ് സർക്കാർ ചിലവായ തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഉരുൾപ്പൊട്ടലിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. ഇതിനായി 2 കോടി 76 ലക്ഷം ചെലവിട്ടെന്നാണ് സർക്കാരിന്റെ കണക്കിൽ നിന്നും വ്യക്തമാകുന്നത്. ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിയ വൊളണ്ടിയർമാർക്ക് യൂസേഴ്സ് കിറ്റ് (ടോർച്ച്, അംബ്രല്ല, റെയിൻകോട്ട, ഗംബൂട്ട് എന്നിവ) നൽകിയ വകയിൽ 2 കോടി 98 ലക്ഷം രൂപ സർക്കാർ ചിലവിട്ടു.
ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രം വാങ്ങാൻ 11 കോടിയാണ് സർക്കാരിന് ചിലവായിരിക്കുന്നത്. വൊളണ്ടിയർമാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികർക്കും വൊളണ്ടിയർമാർക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടി രൂപ ചിലവായി. ഇവരുടെ താമസത്തിനായി 15 കോടി രൂപയാണ് സർക്കാരിന് ചിലവായത് എന്നും സർക്കാർ വ്യക്തമാക്കുന്നു.
ദുരന്തമുണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി 12 കോടി രൂപയാണ് ചിലവായത്. ബെയ്ലി പാലത്തിന്റെ കല്ലുകൾ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികൾക്ക് ഒരു കോടി രൂപ ചെലവഴിച്ചു. വൊളണ്ടിയർമാർക്കും സൈനികർക്കും ചികിത്സാ ചെലവായി രണ്ടുകോടി രണ്ടു ലക്ഷം രൂപ ചിലവായി. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണത്തിനായി 8 കോടി രൂപ നൽകി. ക്യാമ്പുകളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി ഏഴു കോടി ചെലവിട്ടു.
ചൂരൽമലയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ മൂന്ന് കോടി രൂപ ചിലവാക്കി. ഡ്രോൺ, റഡാർ വാടക മൂന്നു കോടിയാണ്. ഡിഎൻഎ പരിശോധനയ്ക്കായി മൂന്നുകോടി ചെലവാക്കി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻസ് തുടങ്ങിയ യന്ത്രങ്ങൾക്കായി 15 കോടിയും, എയർ ലിഫ്റ്റിങ് ഹെലികോപ്ടർ ചാർജ് 17 കോടിയും ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവായതായും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു. കൃഷി നഷ്ടമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ ഇനി നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post