ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് മുഴുവൻ തുകയും അടച്ച് വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ വീടിന്റെ ആധാരമാണ് അദ്ദേഹം തിരികെ നൽകിയത്. മാദ്ധ്യമങ്ങളിലൂടെയായിരുന്നു രാജപ്പന്റെ ദുരിതം സുരേഷ് ഗോപി അറിയാൻ ഇടയായത്.
മത്സ്യത്തൊഴിലാളിയാണ് രാജപ്പൻ. എട്ട് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ രോഗ ബാധിതരാണ്. മകളുടെ ചികിത്സയ്ക്കും വീട് പണിയ്ക്കും വേണ്ടിയാണ് രാജപ്പൻ ബാങ്കിൽ നിന്നും വായ്പയെടുത്തത്. എന്നാൽ ലഭിക്കുന്ന വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ ബാങ്ക് ജപ്തി നോട്ടീസ് അയക്കുകയായിരുന്നു. ഇതിന് പിന്നാലെ രാജപ്പന്റെ ദുരിതം മാദ്ധ്യമങ്ങൾ വാർത്തയാക്കി.
അഞ്ച് ദിവസം മുൻപാണ് ഈ വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ബാങ്കിൽ പണമടച്ച് അദ്ദേഹം ആധാരം എടുത്ത് നൽകി. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളം നൽകാനും അദ്ദേഹം തീരുമാനിച്ചു.
Discussion about this post