കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും യാത്രയിലുടനീളം മദ്യപിച്ചതായി പോലീസ്. ഇരുവരും വാഹനത്തിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീക്കുട്ടിയ്ക്ക് മദ്യം ഒഴിച്ചുനൽകിയത് അജ്മൽ ആയിരുന്നു.
സുഹൃത്തിന്റെ വീട്ടിലെ ഓണപ്പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ആയിരുന്നു അജ്മലും ശ്രീക്കുട്ടിയും വെളുത്തമണലിലേക്ക് യാത്ര തിരിച്ചത്. ഇതിനിടെ പല സ്ഥലത്തും വാഹനം നിർത്തി ഇവർ മദ്യപിച്ചു. ചന്തമുക്കിലെ റോഡരികിൽ കാർ നിർത്തി ഗ്ലാസിൽ അജ്മൽ മദ്യം ഒഴിച്ച് നൽകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ ഇരുവരും വലിയ അളവിൽ മദ്യം കുടിച്ചിരുന്നതായി പോലീസിന് വ്യക്തമായി.
മദ്യ ലഹരിയിൽ തെറ്റായ ദിശയിൽ എത്തിയാണ് കാർ സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ച് വീഴ്ത്തിയത്. വാഹനത്തിനോട് ചേർന്ന് കിടന്നിരുന്ന ഇവരുടെ ശരീരത്തിലൂടെ കാർ കയറുമെന്നതിനാൽ മുന്നോട്ട് എടുക്കരുത് എന്ന് നാട്ടുകാർ വിളിച്ചു പറഞ്ഞു. എന്നാൽ ശ്രീക്കുട്ടി അതിവേഗം വാഹനം എടുത്ത് രക്ഷപ്പെടാൻ അജ്മലിനെ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് അജ്മൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റിയത്.
റോഡിലേക്ക് തെറിച്ച് വീണ കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റിയതാണ് മരണത്തിന് കാരണം ആയത്. നിർത്താതെ പോയ ഇവരെ ബൈക്ക് യാത്രികരാണ് പിന്തുടർന്ന് പിടികൂടിയത്.
Discussion about this post