എറണാകുളം: മലയാള സിനിമയിൽ പുതുതായി രൂപീകരിക്കുന്ന സമാന്തര ചലചിത്ര കൂട്ടായ്മയിൽ താൻ നിലവിൽ ഭാഗമല്ലെന്ന് അറയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. എന്നാൽ, അങ്ങനെയൊരു കൂട്ടായ്മയിൽ ഭാഗമാകാൻ ആഗ്രഹിക്കുമ്പോൾ അതഎ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല .
ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
മലയാള സിനിമയിൽ പുതിയതായി ചലചിത്ര കൂട്ടായ്മ നിർമിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.’പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരിലാണ് പുതിയ സംഘടന. ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു ഉൾപ്പെടെയുള്ളവരാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ആഷിക്ക് അബുവിന് പുറമെ സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരും പുതിയ സംഘടനയുടെ നേതൃനിരയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താൻ ഈ സംഘടനയിൽ ഇല്ലെന്ന് വ്യക്തമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post