ടെൽ അവീവ് : ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് ഏത് നരകത്തിൽ പോയാലും നേടുന്ന രീതിയിൽ പരിശീലിക്കപ്പെട്ട ചാര സംഘടനയാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ്. ജൂതന്മാരുടെ ശത്രുക്കളെ ഭൂമിയിൽ എവിടെ പോയി ഒളിച്ചാലും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്ന കാര്യത്തിൽ മൊസാദ് ലോകത്തെ നമ്പർ വൺ തന്നെയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം മൊസ്സാദിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു. ഈ തിരിച്ചടിക്ക് സകല ശക്തിയുമെടുത്ത് പകരം വീട്ടുന്നതാണ് ഇപ്പോൾ മദ്ധ്യപൂർവേഷ്യയിൽ കാണുന്നത്.
മൈക്രോഫോണോ ക്യാമറയോ ഒന്നുമില്ലാത്ത പഴയ ടെക്നോളജിയായ പേജറുകളാണ് ഇസ്രയേലിന്റെ കടുത്ത ശത്രുക്കളായ ഭീകര സംഘടന ഹിസ്ബുള്ള ഉപയോഗിക്കുന്നത്. മൊസ്സാദ് വിദൂര നിയന്ത്രിത ഉപാധികൾ ഉപയോഗിച്ച് ഫോണുകൾ വഴി ആക്രമണം നടത്തിയേക്കാം എന്ന പേടി കൊണ്ടായിരുന്നു പേജറുകൾ ഉപയോഗിച്ചത്. എന്നാൽ ഈ മുൻകരുതലുകളെല്ലാം വെറുതെയായി എന്നതാണ് ഇപ്പോഴത്തെ ആക്രമണം തെളിയിക്കുന്നത്.
വളരെ ആസൂത്രിതമായുള്ള നീക്കമായിരുന്നു മൊസ്സാദ് നടത്തിയതെന്ന് ഹിസ്ബുള്ള പറയുന്നു. തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയാണ് പേജറിന്റെ നിർമ്മാതാക്കൾ. എന്നാൽ യൂറോപ്യൻ കമ്പനിയായ ബി.എ.സിയാണ് തങ്ങൾക്ക് വേണ്ടി പേജറുകൾ നിർമ്മിച്ചതെന്നും സ്ഫോടക വസ്തുക്കൾ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഗോൾഡ് അപ്പോളോ പറയുന്നു. അതുകൊണ്ട് തന്നെ യൂറോപ്യൻ കമ്പനിയിൽ നിന്ന് പേജർ നിർമ്മിച്ചതിനു ശേഷം വിതരണത്തിനായി പോകുന്നതിനിടയിലോ മറ്റോ ആണ് സ്ഫോടക വസ്തു കൂട്ടിച്ചേർത്തതെന്നാണ് നിഗമനം. എന്നാൽ ഫാക്റ്ററിയിൽ പേജർ സെറ്റ് ചെയ്യുമ്പോൾ തന്നെയാണ് സ്ഫോടക വസ്തു കൂട്ടിച്ചേർത്തതെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ യൂറോപ്യൻ കമ്പനി സംശയ നിഴലിലാകും.
ഷിപ്‌മെന്റ് എത്തി മാസങ്ങൾ കഴിഞ്ഞാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇത്തരമൊരു സാധനം തങ്ങളുടെ പേജറുകളിൽ ഉണ്ടെന്ന് അറിയാനും ഹിസ്ബുള്ള ഭീകരർക്ക് കഴിഞ്ഞില്ല. ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തിന്റെ ഒരു മെസ്സേജ് വന്നിട്ടുണ്ടെന്നൊരു നോട്ടിഫിക്കേഷനും തൊട്ടു പിന്നാലെ നാലായിരത്തോളം പേജറുകളിൽ സ്ഫോടനവും നടക്കുകയായിരുന്നു. പലയിടങ്ങളിലുണ്ടായിരുന്ന ഹിസ്ബുള്ള ഭീകരരുടെ കയ്യിലും പോക്കറ്റിലും ബാഗിലും കാറിലും ഒക്കെ സൂക്ഷിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇറാനിയൻ സ്ഥാനപതിക്കും ഗുരുതരമായി പരിക്കുകളേറ്റു. പി.ഇ.ടി.എൻ അഥവാ പെന്റാ എറിത്രിടോൾ ടെട്രാ നൈട്രെറ്റ് എന്ന അത്യന്തം അപകടകാരിയാ സ്ഫോടക വസ്തുവാണ് പേജറിന്റെ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചിരുന്നത്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് പേജറുകളിലെ ബാറ്ററിയുടെ ടെമ്പറേച്ചർ ഉയർത്തിയാണ് പൊട്ടിത്തെറി നടപ്പാക്കിയത്.
ഇതാദ്യമായല്ല ഇസ്രയേൽ ഏജൻസികൾ ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്. മ്യൂണിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത ടീമിലെ 11 പേർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്തപ്പോഴും അതിന്റെ ഉത്തരവാദികളെ ഫോണിൽ സ്ഫോടനം നടത്തി ഇല്ലാതാക്കാൻ മൊസ്സാദിനു കഴിഞ്ഞിരുന്നു. ഹമാസിന്റെ ബോംബ് നിർമ്മാതാവായ യാഹ്യ അയ്യാഷിന്റെ ഫോണിൽ സ്ഫോടനം നടത്തിയാണ് ഇസ്രയേൽ ഇന്റലിജന്സ്ഫോ ഏജൻസിയായ ഷിൻബെറ്റ് കൊലപാതകം നടപ്പാക്കിയത്.
മൊസ്സാദിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മൊസ്സാദിന്റെ ഈ ആക്രമണം ഹിസ്ബുള്ളയുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണെന്നാണ് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post