കൊല്ലം: അജ്മൽ ക്രിമിനൽ ആണെന്ന വിവരം തനിയ്ക്ക് അറിയില്ലായിരുന്നുവെന്ന് മൈനാഗപ്പള്ളി വാഹനാപകട കേസിലെ പ്രതി ഡോ. ശ്രീക്കുട്ടി. സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ആളുകൾ പിന്തുടർന്നപ്പോഴും വാഹനം നിർത്താൻ പറഞ്ഞുവെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
സിനിമാ കൊറിയോഗ്രഫറാണ് എന്ന് പറഞ്ഞായിരുന്നു അജ്മൽ തന്നെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദത്തിലായി. ഈ ബന്ധം പിന്നീട് വഴിതെറ്റി. അജ്മലിന്റെ ക്രിമിനൽ പശ്ചാത്തലം തനിക്ക് അറിയില്ലായിരുന്നു. അജ്മലിന് സ്വർണവും പണവും നൽകിയിട്ടുണ്ട്. തന്റെ കയ്യിൽ നിന്നും പണം വാങ്ങി അജ്മൽ എറണാകുളത്ത് ഷൂട്ടിംഗിന് പോയിട്ടുണ്ടെന്നും ശ്രീക്കുട്ടി പറഞ്ഞു.
ലഹരി ഉപയോഗിക്കാറുണ്ട്. ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നപ്പോഴാണ് അജ്മൽ ചികിത്സയ്ക്ക് എത്തിയത്. അജ്മലിന്റെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാറുണ്ടെന്നും ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.
നിലവിൽ റിമാൻഡിൽ കഴിയുകയാണ് ശ്രീക്കുട്ടിയും അജ്മലും. ഇരുവരിൽ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചുവരികയാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കാനുള്ള ആലോചനയും പോലീസ് നടത്തുന്നുണ്ട്. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.
Discussion about this post