എറണാകുളം: മുതിർന്ന മലയാള നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിലൂടെ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് തിരശ്ശീലയിട്ടുകൊണ്ടാണ് കവിയൂർ പൊന്നമ്മയുടെ മടക്കം. നാടകത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ കവിയൂർപൊന്നമ്മ മലയാളികൾക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
17ാം വയസ്സിലാണ് കവിയൂർ പൊന്നമ്മ അഭിനയ രംഗത്തേയ്ക്ക് കടന്നത്. നാടകങ്ങളിലൂടെയായിരുന്നു ആദ്യ കാലങ്ങളിൽ അഭിനയ മോഹം സാക്ഷാത്കരിച്ചത്. പിന്നീട് സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് സിനിമാ മേഖലയിലേക്കുള്ള കവിയൂർ പൊന്നമ്മയുടെ പ്രവേശനം. ആദ്യ ചിത്രത്തിൽ രാവണന്റെ ഭാര്യയയാ മണ്ഡോദരിയുടെ വേഷം ആയിരുന്നു ലഭിച്ചത്.
സ്വന്തം പേര് പോലെ തന്നെ സിനിമയിലും അമ്മ വേഷങ്ങൾ ആയിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. 20ാം വയസ്സിൽ അന്നത്തെ മുതിർന്ന നടന്മാരായ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. സത്യൻ മാഷിന്റെ നായികയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ അമ്മയായി നിരവധി സിനിമകളിലായിരുന്നു കവിയൂർ പൊന്നമ്മ വേഷമിട്ടത്. സിനിമയിൽ മോഹൻലാലിന്റെ അമ്മയായിട്ടാണ് കവിയൂർ പൊന്നമ്മ ഏറ്റവും കൂടുതൽ അഭിനയിച്ചത്. മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിര സാന്നിദ്ധ്യം കൂടിയായിരുന്നു. മോഹൻലാൽ സിനിമകളിലൂടെ മലയാള സിനിമയുടെ അമ്മയായി കവിയൂർ പൊന്നമ്മയെ ആരാധകരും നെഞ്ചേറ്റി.
Discussion about this post