തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിയ്ക്കും. ഇതേ തുടർന്നാണ് ചൂട് കൂടുന്നത്.
മേഘങ്ങളിൽ തട്ടിയാണ് സൂര്യരശ്മി എല്ലായ്‌പ്പോഴും ഭൂമിയിൽ പതിക്കാറുള്ളത്. എന്നാൽ ശരത്കാല വിഷുവ സമയത്ത് മഴമേഘങ്ങൾ കുറവായിരിക്കും. ഇതോടെ നേരിട്ട് തന്നെ ചൂടേറിയ രശ്മികൾ ഭൂമിയിൽ പതിയ്ക്കും. നാളെയാണ് വിഷുവം.
നാളെ സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ എത്തും. അതുകൊണ്ട് തന്നെ പകലിനും രാത്രിയ്ക്കും ഒരേ ദൈർഘ്യമാണ് ഉള്ളത്. സാധാരണത്തേതിൽ നിന്നും താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഇന്നും നാളെയും ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ ചൂടിന് അൽപ്പം ആശ്വാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post