തിരുവനന്തപുരം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായി നിലമ്പൂർ എംഎൽഎ പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനം. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിശശി സിപിഐഎമ്മിന്റെ സംസ്ഥാനകമ്മറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലും തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആര് പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നുതേയുള്ളൂ. ഒരു പരിശോധനയും ആ കാര്യത്തിൽ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതികൾ അതേ പോലെ സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. ഈ സർക്കാരിന് നിയമപ്രകാരം സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എടുക്കുന്നതിനാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാൽ ശശിയെന്നല്ല ആർക്കും അവിടെ ഇരിക്കാൻ സാധിക്കില്ല. ശശിയെന്നല്ല, ആരായാലും നിയമപരമായ നടപടികളേ സ്വീകരിക്കാൻ പറ്റുകയുള്ളൂ. നിയമപ്രകാരമല്ലാത്ത,നിയമപ്രകാരം സ്വീകരിക്കാൻ പറ്റാത്ത എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ചെയ്തിട്ടുണ്ടാകില്ല. ആ ചെയ്യാത്തതിനൊക്കെയുള്ള വിരോധം വച്ച് വിളിച്ചുപറഞ്ഞാൽ,അതിന്റെ മേലെ മാറ്റുന്നതല്ല അത്തരം ആളുകളെയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സാധാരണനിലയ്ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടെങ്കിൽ അദ്ദേഹം, ഈ കാര്യങ്ങൾ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ നിൽക്കുന്ന സിപിഐഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗമാണല്ലോ അദ്ദേഹം. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎൽഎ എന്ന് പറയുന്നത്. അങ്ങനെയുള്ള ഒരാൾ, അദ്ദേഹം തന്നെ പറഞ്ഞല്ലോ ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാമെന്ന്. അങ്ങനെയുള്ള ബോധം ഉള്ളയാൾ ആദ്യം ചെയ്യേണ്ടിയിരുന്നത്, പാർട്ടിയുടെ ശ്രദ്ധയിൽപെടുത്താം, മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ശ്രദ്ധയിലും പെടുത്താം. പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതിന് ശേഷമായിരുന്നു ബാക്കിയുള്ള പരസ്യനടപടികളിലേക്ക് പോകേണ്ടിയിരുന്നത്. അത് സാധാരണനിലയ്ക്ക് ഞങ്ങളെ കൂട്ടത്തിലെ ഒരാൾ സ്വീകരിക്കുന്ന നടപടിയല്ല. അൻവറിനെ കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ഒരു കത്ത് അയച്ചിട്ടുണ്ട്. അത് അന്വേഷണക്കാർ അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ദിവസം വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാദ്ധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്…
സാധാരണഗതിയിൽ ഒരു, പരാതി ലഭിച്ചാൽ ആ ലഭിച്ച പരാതി പരിശോധിച്ച് നടപടി എടുക്കുക എന്നുള്ളതാണ് എപ്പോഴും സ്വീകരിച്ച് വരുന്നത്. ഇവിടെ എന്താണ് ചെയ്തത് അൻവർ പരാതി തന്നു. പരാതി തരുന്നതിന് മുൻപ് തന്നെ അദ്ദേഹം പരസ്യമായി ചാനലുകളിൽ ദിവസങ്ങളോളം പറഞ്ഞുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ഉയർത്തിയ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ തന്നെ,നിയോഗിക്കുകയുണ്ടായി. ഇവിടെ കാണേണ്ട ഒരു വസ്തുത, അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ആ അന്വേഷണത്തിന്റെ ഭാഗമായി ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഒരു മുൻവിധിയോടെയും ഈ കാര്യത്തെ സമീപിക്കുന്നില്ല. ഇപ്പോൾ ഇവിടെ എസ്പിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അത് സാധാരണഗതിയിൽ ഒരുപോലീസ് ഉദ്യോഗസ്ഥൻ സംസാരിക്കേണ്ടാത്ത രീതിയിൽ സംസാരിച്ചത് പുറത്ത് വന്നു. അതിനാണ് നടപടി. ബാക്കി കാര്യങ്ങൾ അന്വേഷിക്കുകയാണ്. ബാക്കി കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. അപ്പോൾ ആരോപണവിധേയർ ആര് എന്നല്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ എന്തൊക്കെയാണ്?അതിനുള്ള തെളിവുകൾ എന്തൊക്കെയാണ് എന്നൊക്കെ അന്വേഷിച്ചു കണ്ടെത്തുകയാണ് പ്രധാനപ്പെട്ട കാര്യം. ആരോപിക്കപ്പെട്ട പ്രധാനപ്പെട്ട കാര്യം പോലീസ്, കള്ളക്കടത്ത് സ്വർണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണല്ലോ? ഒരു ഗൗരവമായ ആരോപണമായി ഉയർന്നുവന്ന കാര്യം. എന്നാൽ ഒരു കാര്യം നമ്മുടെ സംസ്ഥാനത്ത് പോലീസിന് നിർഭയമായും നീതിപൂർവ്വമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവർത്തികൾ തടയാനുള്ള സാഹചര്യം ഉറപ്പാക്കും. പോലീസിന്റെ ഭാഗത്ത് നിന്ന ്‌തെറ്റ് സംഭവിക്കുക എന്നത് ഉണ്ടാവാൻ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചെങ്കിൽ കർശനമായ നടപടി സർക്കാർ സ്വീകരിക്കും.
എന്നാൽ അതോസമയം പോലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പോലീസ്. അതിന്റെ ഭാഗമായി ജോലി നിർവ്വഹിക്കുമ്പോൾ അതിന്റെ ഒരുഭാഗമാണ് സ്വർണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകെര നിയമത്തിന് മുന്നിലെത്തിക്കുന്നതും. പിടിക്കപ്പെട്ടവരും, നിയമത്തിന്റെ കരങ്ങളിലകപ്പെട്ടവരും ഒരു തരത്തിലും സന്തുഷ്ടരായിരിക്കില്ല. ഈ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പിടികൂടിയ കള്ളപ്പണത്തിന്റെയും ഹവാലപണത്തിന്റെയും കണക്കുകൾ അതിൽ വ്യക്തത വരുത്തുന്നതാണ്. 2022 ൽ 98 കേസുകളിലായി 79.9 കിലോ സ്വർണം, 2023 ൽ 61 കോസുകളിൽ 48.7 കിലോഗ്രാം സ്വർണം. ഈ വർഷം 26 കേസുകളിലായി 18.1 കിലോഗ്രാം സ്വർണം പിടികൂടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ മാത്രം പിടികൂടിയത് 124.4കിലോ സ്വർണമാണ്. 2020 മുതൽ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാല പണമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ 87.22 കോടി രൂപ മലപ്പുറത്ത് നിന്നാണ്. കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണവും ഹവാലപണവും വരുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കർക്കശമായി തടയുന്നത് സർക്കാരിന്റെ ഉത്തപവാദിത്വമാണ്. സ്വർണം,കള്ളപ്പണം മയക്കുമരുന്ന് എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കള്ളക്കടത്തുകാരെ കർക്കശമായി കൈകാര്യം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post