തിരുവനന്തപുരം; നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പോലീസ്. അതിന്റെ ഒരുഭാഗമാണ് സ്വർണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പോലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന്ും അദ്ദേഹം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരും, നിയമത്തിന്റെ കരങ്ങളിലകപ്പെട്ടവരും ഒരു തരത്തിലും സന്തുഷ്ടരായിരിക്കില്ല. ഈ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പിടികൂടിയ കള്ളപ്പണത്തിന്റെയും ഹവാലപണത്തിന്റെയും കണക്കുകൾ അതിൽ വ്യക്തത വരുത്തുന്നതാണ്. 2022 ൽ 98 കേസുകളിലായി 79.9 കിലോ സ്വർണം, 2023 ൽ 61 കേസുകളിൽ 48.7 കിലോഗ്രാം സ്വർണം. ഈ വർഷം 26 കേസുകളിലായി 18.1 കിലോഗ്രാം സ്വർണം പിടികൂടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ മാത്രം പിടികൂടിയത് 124.4കിലോ സ്വർണമാണ്. 2020 മുതൽ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാല പണമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ 87.22 കോടി രൂപ മലപ്പുറത്ത് നിന്നാണ്. കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണവും ഹവാലപണവും വരുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കർക്കശമായി തടയുന്നത് സർക്കാരിന്റെ ഉത്തപവാദിത്വമാണ്. സ്വർണം,കള്ളപ്പണം മയക്കുമരുന്ന് എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കള്ളക്കടത്തുകാരെ കർക്കശമായി കൈകാര്യം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉയർന്നു വന്ന ഓരോ കാര്യങ്ങളെക്കുകറിച്ചും കുറ്റമറ്റ അന്വേഷണം നടത്തും എന്തെങ്കിലും അപാകം കണ്ടെത്തിയാൽ അതിനുത്തരവാദി ആയവർക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവൽക്കരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
Discussion about this post