ഇന്നത്തെ സോഷ്യൽമീഡിയ യുഗത്തിൽ വളരെ വ്യത്യസ്തമായ ഭാഷകളും പ്രയോഗങ്ങളുമാണ് ആളുകൾ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് എന്തൊരു വാക്ക് എന്ന് ചിന്തിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും ന്യൂജനെന്ന് ഓമനപേരിട്ട് വിളിക്കുന്നവരും ഈ ന്യൂജനൊപ്പം സഞ്ചരിക്കുന്നവരും ഉപയോഗിക്കുന്നു. പല വാക്കുകളും ഭാഷയിൽ ഉണ്ടോ അല്ലെങ്കിൽ ഇതിന്റെ അർത്ഥമെന്തെന്ന് ഒന്ന് ചിന്തിച്ചുപോകും. പേരുകൾ പോലും ഇന്ന് സോഷ്യൽമീഡിയയിൽ പല അർത്ഥങ്ങളാണ് കൽപ്പിക്കുന്നത്.
അതിൽ സോഷ്യൽമീഡിയയിൽ വളരെ ഹിറ്റായ ഒരു പ്രയോഗമാണ് ശശിയായി. മലയാളികൾക്കിടയിൽ പൊതുവെ പ്രചാരത്തിലുള്ള ഈ പേര് എങ്ങനെ പ്രയോഗമായി.എപ്പോഴാണ് ട്രോൾ മീമുകളിൽ ശശി ഒരു അവിഭാജ്യഘടകമായത്. വളരെ പെട്ടെന്നാണ് ശശി ഹിറ്റായത്. ആളുകളെ പരിസഹിക്കുവാനും അബദ്ധം പറ്റിയാൾ ബുദ്ധികുറഞ്ഞയാൾ,മണ്ടത്തരം ചെയ്തയാൾ അങ്ങനെ പല സന്ദർഭങ്ങൾക്കും ഈ ശശി പ്രയോഗം അറഞ്ചം പുറഞ്ചം ഉപയോഗിക്കുന്നു. ശശിയായി,ശശിയാക്കൽ,ശശിയാകരുത് എന്നിങ്ങനെ സന്ദർഭത്തിനനുസരിച്ച് ശശി പ്രയോഗം മാറും. പറഞ്ഞുപറ്റിച്ചു വഞ്ചിച്ചു എന്ന് പറയുന്നതിന് പകരം ശശിയാക്കി എന്ന് പറയുന്നവരുണ്ട്. വഞ്ചിച്ചു എന്ന വാക്കിന് തേച്ചു എന്ന ന്യൂജൻ പ്രയോഗം ഇന്നുണ്ട്.
ചതിക്കാത്ത ചന്തുവെന്ന സൂപ്പർഹിറ്റ് കോമഡിചിത്രത്തിൽ ശശി പ്രയോഗമുണ്ട്. 2004ൽ റിലീസ് ചെയ്ത ചിത്രത്തിൽ വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനിൽ ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോൾ മധ്യതിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവാണ് പേര് ശശി എന്ന് സലീംകുമാറിന്റെ കഥാപാത്രം പറയുന്നു. സ്‌ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആ ഡയലോഗ് തമാശയ്ക്ക് അന്ന് ഡബ്ബിംഗ് സമയത്ത് കൂട്ടിച്ചേർത്തതാണെന്ന് സലീം കുമാർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലും ശശി സോമൻ പ്രയോഗം ആവർത്തിക്കുന്നുണ്ട്.
ശശി പ്രയോഗത്തെ പിന്തുണയ്ക്കുന്നവർ പറയുന്ന മറ്റൊരു കാര്യം ശശി എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നാണ് വന്നിരിക്കുന്നത് എന്നാണ്. Strategically And Sentmentaly Insulted അഥവാ തന്ത്രപരമായും വൈകാരികപരമായും അപമാനിക്കപ്പെടുക എന്ന ഇംഗ്ലീഷാ വാക്കിന്റെ പ്രയോഗമാണ് SASI എന്നാണത്രേ.
Discussion about this post