നോർവേ : വീടുകളിൽ സൂക്ഷിക്കുന്ന സാധനങ്ങളിൽ പാറ്റയും എലിയുമെല്ലാം കയറുന്നത് സാധാരണയാണ്. ഇവയുടെ ശല്യം കാരണം പല വീടുകളിലും എലി വിഷവും മറ്റും ഉപയോഗിക്കുകയും പതിവാണ്. എന്നാൽ ഈ എലിയുടെ സാന്നിദ്ധ്യം ഭക്ഷ്യ വസ്തുക്കളിൽ കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ. അതും വിമാനത്തിലെ ഭക്ഷണത്തിൽ…
ഓസ്ലോയിൽ നിന്നുള്ള സ്‌കാൻഡിനേവിയൻ വിമാനത്തിലാണ് ജീവനുള്ള എലിയെ കണ്ടെത്തിയത്. നോർവേയിൽ നിന്ന് മാലഗയിലേക്ക് പറന്ന വിമാനം പെട്ടെന്ന് ഡെൻമാർക്കിലെ കോപ്പൻഹാഗനിൽ ലാൻഡ് ചെയ്തു. കാരണം തിരക്കിയപ്പോഴാണ് അറിയുന്നത് വിമാനത്തിലെ യാത്രക്കാരിക്ക് കഴിക്കാനായി ലഭിച്ച ഭക്ഷണത്തിൽ ജീവനുള്ള ഒരു എലിയെ കണ്ടെത്തി.
യാത്രക്കാരിയായി യുവതി ഭക്ഷണം കഴിക്കാനായി ബോക്‌സ് തുറന്നപ്പോൾ അകത്ത് നിന്ന് എലി ചാടി പുറത്തുവരികയായിരുന്നു. ഇതോടെ ആളുകൾ പരിഭ്രാന്തിയിലായി. സ്ഥിതി കൈവിട്ട് പോകുമെന്ന് വ്യക്തമായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കോപ്പൻഹാഗനിൽ നിന്ന് മറ്റൊരു വിമാനത്തിൽ കയറ്റി വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അടിയന്തിരമായി താഴെയിറക്കിയ വിമാനത്തിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. വയറിംഗും മറ്റും തകരാറിലാകാൻ സാധ്യതയുള്ളതിനാൽ വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണ്. എന്നാൽ ഈ എലി ഭക്ഷണ പായ്ക്കറ്റിലൂടെയാണ് വിമാനത്തിൽ എത്തിയത് എന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Discussion about this post