മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് നിലമ്പൂർ എംഎൽഎ പിവി അൻവർ. വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോടാണ് പിവി അൻവർ ദേഷ്യപ്പെട്ടത്. തെണ്ടിത്തരം കാണിക്കരുതെന്നായിരുന്നു പരാമർശം. വനംമന്ത്രിയെ വേദിയിൽ ഇരുത്തി ഉദ്യോഗസ്ഥരെ വിമർശിച്ചതിന് പിന്നാലെയായിരുന്നു പിവി അൻവറിന്റെ ഈ നീക്കം.
വനംവകുപ്പ് റേഞ്ച് ഓഫീസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.നിലമ്പൂർ അരുവാക്കോട് വനം ഓഫീസിലെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയുടെ വാഹനം മാറ്റിനിർത്താൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതാണ് അൻവറിനെ പ്രകോപിതനാക്കിയത്.
വാഹനം ആദ്യം ഒരു സ്ഥലത്ത് പാർക്ക് ചെയ്‌തെങ്കിലും മാറ്റിയിടണമെന്നു പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോൾ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് എംഎൽഎയുടെ ആരോപണം. ഇക്കാര്യം പി.വി.അൻവർ പരിപാടി കഴിഞ്ഞ് എത്തിയപ്പോൾ ഡ്രൈവർ അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫിസർ ആരാണെന്ന് ചോദിച്ച് അൻവർ ഓഫിസിലേക്ക് എത്തി. എന്നാൽ, ഓഫിസർ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. തുടർന്നാണ് റേഞ്ച് ഓഫിസറോട് അൻവർ കയർത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിൻറെ ഭാഗമായാണ് ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് അൻവർ പറയുന്നത്.വാഹനം മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസിൽ തന്നെ വന്നു കാണണമെന്നും ഇല്ലെങ്കിൽ ഇങ്ങോട്ട് വരുമെന്നും പി.വി.അൻവർ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങൾ കുറെ ആൾക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും അൻവർ പറഞ്ഞു.
സംഭവം ചർച്ചയായതോടെ ഫേസ്ബുക്ക് പോസ്റ്റും അൻവർ പങ്കുവച്ചിട്ടുണ്ട്. പി.വി.അൻവർ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചത്രേ.!
സ്ഥലം എം.എൽ.എ എന്ന നിലയിൽ വനം വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.
പ്രോട്ടോക്കോൾ പ്രകാരം,വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എൽ.എ.
പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ‘എം.എൽ.എ ബോർഡ്’ വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.
വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ,
പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി ‘വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണം’ എന്നാണോ.
ആണെങ്കിൽ,അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല.ഉദ്യോഗസ്ഥ തൻപ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതി.എന്നായിരുന്നു പോസ്റ്റ്.
Discussion about this post