കൊച്ചി; ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖ് കാണാമറയത്ത്. എല്ലാ ഫോൺ നമ്പറുകളും സിച്ച്ഓഫ് ആയതോടെ നടനെതിരെ വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റിലേക്ക് അതിവേഗം കടക്കാനാണ് പോലീസിന്റെ നീക്കം.
കേസിൽ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. നടിയുടെ പരാതി ഗൗരവമുള്ളതാണെന്ന് പറഞ്ഞ കോടതി,നടൻ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും ചൂണ്ടിക്കാട്ടി. നടിക്കെതിരെ സിദ്ദിഖ് പറഞ്ഞ ആരോപണങ്ങളെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിൻറെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമത്തിന് ഇരയായെന്ന കാരണത്താൽ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന വാദം അനാവശ്യമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതി നൽകിയ നടിയെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതു പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽമീഡിയ വഴി ബന്ധപ്പെട്ടിരുന്നു. 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴിനൽകിയിരിക്കുന്നത്. അവിടെ എത്തിയപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.
Discussion about this post