റുപർട്ട് മർഡോക്ക്.. ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും വാർത്താലോകത്തിന്റെ കഥപറയുന്ന മാദ്ധ്യമസാമ്രാജ്യത്തിന്റെ അധിപൻ. ഫോക്‌സ് കോർപ്പറേഷനെന്ന മാദ്ധ്യമമുത്തശ്ശന്റെ ഈ മുൻചെയർമാൻ 93 ാം വയസിലും ഓട്ടത്തിലാണ്. ചൂടോടെ വാർത്തകൾ തീൻമേശയ്ക്ക് മുൻപിലെത്തിക്കാനുള്ള ഓട്ടമല്ല. മരണം കൺമുന്നിലെത്തിയ തനിക്ക് ശേഷം ആര് ഫോക്‌സ് കോർപ്പറേഷനെ നയിക്കുമെന്ന സുപ്രധാന തീരുമാനമെടുക്കുന്നതിനുള്ള നിയമപോരാട്ടത്തിൽ.
മൂത്തമകനും തന്റെ തീരുമാനങ്ങളോട് എപ്പോഴും ചേർന്നുനിൽക്കുന്ന പ്രിയമകൻ ലാച്ചലന് സാമ്രാജ്യത്തിന്റെ താക്കോൽ കൈമാറണമെന്നാണ് മർഡോക്കിന്റെ ആഗ്രഹം. വലതുപക്ഷ സ്വഭാവമുള്ള ഈ മാദ്ധ്യമസ്ഥാപനങ്ങൾ ഇതുപോലെ തന്നെ തുടരണമെങ്കിൽ തന്റെ മക്കളിൽ ഏറ്റവും യാഥാസ്ഥിതികനായ ലാച്ചലൻ തന്നെ അതിന്റെ ഉടമസ്ഥതയിലേക്കെത്തണമെന്നാണ് മർഡോക്ക് കരുതുന്നത്.
എന്നാൽ അദ്ദേഹത്തിന്റെ ബാക്കി 5 മക്കളും അച്ഛന്റെ സ്വത്തിൽ അവകാശം വേണമെന്നുറപ്പിച്ചുള്ള പിന്തുടർച്ചാവകാശ പോരാട്ടത്തിലാണ്. ഇരുചെവിയറിയാതെ തമ്മിലടി ഒത്തുതീർപ്പാക്കാനായി പരക്കം പായുകയാണ് മർഡോക്കും മക്കളും. കഴിഞ്ഞ കുറേ ദിവസങ്ങളായി കറുത്ത എസ്യുവികളുടെ വാഹനവ്യൂഹം തന്നെയാണ് കോടതിയിലെ പാർക്കിംഗ് ഗ്രൗണ്ടിലെത്തുന്നത്.
അഞ്ച് തവണ വിവാഹിതനായ മർഡോക്കിന് രണ്ടാമത്തെ വിവാഹമോചന സമയത്ത് എടുത്ത തീരുമാനമാണ് ഇപ്പോൾ വിനയായിരിക്കുന്നത്. അന്ന് അദ്ദേഹം ഒരു ട്രസ്റ്റ് രൂപീകരിക്കാൻ നിർബന്ധിതനായി.കുടുംബ ട്രസ്റ്റിന്റെ നിയമപ്രകാരം ലാച്ചലൻ മർഡോക്കിന്റെ സഹോദരൻ ജെയിംസിനും സഹോദരിമാരായ എലിസബത്തിനും പ്രുഡൻസിനും കമ്പനിയുടെ നടത്തിപ്പിൽ ഇടപെടാനുള്ള അവകാശമുണ്ട്. അതിനെ മറികടക്കാനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോൾ മർഡോക് തേടുന്നത്. മർഡോക്കിന്റെ മൂത്ത നാല് മക്കൾക്ക് ട്രസ്റ്റിൽ വോട്ടവകാശമുണ്ടെങ്കിലും ഇളയ രണ്ട് കുട്ടികൾക്ക് സ്വത്തിൽ അവകാശങ്ങളൊന്നും പറയുന്നില്ല. ട്രസ്റ്റ് നിയമങ്ങൾ മറികടന്ന് മൂത്തമകനെ അവരോധിക്കാനുള്ള ശ്രമങ്ങൾക്ക് പക്ഷേ ബാക്കി 5 മക്കളും ചേർന്ന് തടയിടുന്നു. പ്രൊജക്റ്റ് ഹാർമണി എന്ന പേരിൽ യുഎസിന്റെ അറ്റോർമി ജനറൽ ആയിരുന്ന വില്യം ബാറിന്റെ നേതൃത്വത്തിൽ സമവായത്തിന് ശ്രമിച്ചെങ്കിലും സമ്പൂർണ പരാജയം ആയിരുന്നു ഫലം. ഇതോടെയാണ് വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്.
അതേസമയം ഫോർബ്സ് കണക്കുകൾ പ്രകാരം ഏകദേശം 17 ബില്യൺ ഡോളർ സമ്പത്താണ് റുപർട്ട് മർഡോക്കിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.ഈ കഴിഞ്ഞ ജൂൺ 3 ന് അദ്ദേഹം 67 കാരിയായ മോളിക്യൂലാർ ബയോളജിസ്റ്റ് എലീന സുക്കോവയെ ജീവിതസഖിയാക്കിയത്. പിന്നാലെ 93ാം വയസിൽ ഫോക്‌സ് ന്യൂസിന്റെ ഔദ്യോഗികചുമതലകളിൽ നിന്നും സ്വയം വിരമിച്ച അദ്ദേഹം മൂത്തമകനായ ലാച്ചലനെ ഫോക്‌സ് ന്യൂസിന്റെ മാതൃകമ്പനികളായ ഫോക്‌സ് കോർപറേഷന്റെയും ന്യൂസ് കോർപറേഷന്റെയും തലപ്പത്ത് എത്തിച്ചിരുന്നു.
Discussion about this post