ഇന്ന് മൂന്ന് ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്കരികെ എത്തുമെന്ന മുന്നറിയിപ്പമായി നാസ. വിമാനത്തിന്റെ വലിപ്പമുള്ളവയടക്കം മൂന്ന് ഛിന്നഗ്രഹങ്ങൾ എത്തുമെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷമുണ്ടാക്കില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2024 എസ്ജി, 2024 എസ്എഫ്, 2024 ആർകെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇവ. ഇതിൽ 2024 എസ്ജി ഒരു വീടിൻറെ വലിപ്പമുള്ളതാണ് എന്ന് നാസ പറയുന്നു. 46 അടിയായിരിക്കും ഏകദേശം കണക്കാക്കുന്ന വ്യാസം. ഭൂമിക്ക് ഏറ്റവും അരികിലെത്തുമ്പോൾ 682,000 മൈൽ അകലെയായിരിക്കും 2024 എസ്ജി. അതിനാൽ തന്നെ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇത് കടന്നുപോകും. ഇന്ന് അടുത്തെത്തുന്ന മറ്റൊരു ഛിന്നഗ്രഹമായ 2024 എസ്എഫിന് 170 അടിയാണ് വ്യാസം. 2,880,000 മൈൽ എന്ന വളരെ സുരക്ഷിതമായ അകലത്തിലൂടെയാണ് 2024 എസ്എഫ് ഛിന്നഗ്രഹം കടന്നുപോവുക. പട്ടികയിലെ മൂന്നാമനായ 2024 ആർകെ7ന് 100 അടിയാണ് വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 4,240,000 മൈൽ അകലം ഈ ഛിന്നഗ്രഹത്തിനുണ്ടാകും.
ദിശാമാറ്റങ്ങൾ അടക്കം ഇവയ്ക്ക് സംഭവിക്കാം. അതുകൊണ്ട് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇവയെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. ഈ ലബോറട്ടറിയാണ് ഈ അഞ്ച് ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരിക്കുന്നത്. ദൂരത്ത്കൂടിയാണ് ഇവ സഞ്ചരിക്കുന്നതെങ്കിലും ഇവയെ നിരീക്ഷിക്കുന്നുണ്ട് നാസ. കാരണം ചെറിയൊരു ആഘാതം മാത്രം മതി അത് ഭൂമിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് ഇതിന് കാരണം.
ഇന്നെത്തുന്ന മൂന്ന് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണിയാകുന്നില്ലെങ്കിലും, ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത കൃത്യമായി പ്രവചിക്കൽ, പ്രപഞ്ചരൂപീകരണ രഹസ്യങ്ങൾ കണ്ടെത്തൽ ഉൾപ്പടെ വിവിധങ്ങളായ പഠനങ്ങൾക്ക് ഈ ഛിന്നഗ്രങ്ങളെ നിരീക്ഷിക്കുന്നതിലൂടെ ഗവേഷകർക്ക് അവസരം ലഭിക്കും.
അതേസമയം സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ദൂരദർശിനികളിലൂടെ നോക്കുമ്പോൾ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക. ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ചിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും.ഛിന്നഗ്രഹങ്ങൾ മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് സാധാരണ സംഭവമാണ്. ഭൂമിയിൽ ദിനോസറുകൾക്കു വംശനാശം സംഭവിക്കാൻ കാരണം സമാനമായ ഒരു കൂട്ടിയിടയാണെന്നാണ് അനുമാനം
Discussion about this post