കൽപ്പറ്റ ;ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വയനാട് പൊന്നടയിൽ വീടൊരുങ്ങുന്നു. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്.പതിനൊന്നര സെന്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎൽഎ ടി സിദ്ദിഖ് കൈമാറിയിരുന്നു
ചൂരൽമലയിലെ പുതിയ വീടിൻറെ ഗൃഹപ്രവേശനം പൂർത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്.ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. അച്ഛൻറെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി.
ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹഒരുക്കങ്ങൾക്കിടയിൽ കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടിലാണ് ജെൻസനെയും ശ്രുതിക്ക് നഷ്ടപ്പെടുന്നത്. ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിൻറെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം
Discussion about this post