നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും….. കെ.കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നേവലിനെ അതിമനോഹരമായി ദൃശ്യവത്ക്കരിച്ച പത്മരാജൻ സിനിമയാണ്’ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ 1986 ൽ ഇറങ്ങിയ ഈ ചിത്രം ഏക്കാലത്തെയും മികച്ച മോഹൻലാൽ ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നായികയ്ക്കാണോ നായകനാണോ പ്രാധാന്യമെന്ന് തിരിച്ചറിയാനാവാത്ത തരം ശക്തമായ കഥാപാത്രങ്ങളാണ് സോഫിയും സോളമനും.
മോഹൻലാൽ, ശാരി, തിലകൻ, വിനീത്, കവിയൂർ പൊന്നമ്മ തുടങ്ങിയവർ വേഷമിട്ട ചിത്രത്തിനു ജോൺസനാണ് സംഗീതം നൽകിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് വേണുവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ശാരിയും നേടി.
ഇപ്പോഴിതാ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനിൽ നായകൻ മോഹൻലാൽ വളർത്തുനായയുമായി നിൽക്കുന്ന ചിത്രമാണ് അനന്തപത്മനാഭൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.’നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിൽ നിന്ന് ഇതുവരെ ആരും കാണാത്ത ഒരു ചിത്രം’, – എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്.
Discussion about this post