മലപ്പുറം;ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടും നെഹ്രുകുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം അൻവർ മയപ്പെടുത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി രാഹുൽ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമർശം നടത്തേണ്ടി വന്നതെന്ന് അൻവർ വിവരിച്ചു. എൽ ഡി എഫിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിൻറെ ഡി എൻ എ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വ്യക്തമാക്കി.
തന്നെ സംബന്ധിച്ചിടത്തോളും രാഹുൽ ഗാന്ധിയോടും കുടുംബത്തോടും വലിയ ബഹുമാനമാണ് ഉള്ളതെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.രാജീവ് ഗാന്ധി 1991 ൽ കേരളത്തിൽ വന്നപ്പോൾ തൻറെ വാപ്പയുടെ കാറിലായിരുന്നു എന്ന ഓർമ്മയും പങ്കുവച്ചു.
Discussion about this post