തൃശ്ശൂർ: ജില്ലയിൽ വൻ എടിഎം മോഷണം. മൂന്ന് എടിഎമ്മുകളിൽ നിന്നുമാണ് പണം നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. മാപ്രാണം, കോലാഴി, എന്നിവിടങ്ങളിലെ എടിഎമ്മുകളിലും ഷൊർണൂർ റോ്ഡിലെ എടിഎമ്മിലുമാണ് മോഷണം നടന്നത്.
വലിയ ആസൂത്രണത്തിന് ശേഷമായിരുന്നു പ്രതികൾ എടിഎമ്മുകൾ കൊള്ളയടിച്ചത് എന്നാണ് മോഷണ രീതിയിൽ നിന്നും വ്യക്തമാകുന്നത്. സിസിടിവി ക്യാമറകളിൽ മുഖം അറിയാതിരിക്കാൻ കറുത്ത പെയിന്റും സ്‌പ്രേ പെയിന്റും അടിച്ചിരുന്നു. നാല് പേരായിരുന്നു മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് ഇവർ എടിഎമ്മുകൾ തകർത്തത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി ഏകദേശം 60 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. പണത്തിന്റെ യഥാർത്ഥ മൂല്യം തിട്ടപ്പെടുത്തുകയാണ്.
മാപ്രാണത്തെ എടിഎമ്മിൽ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മിൽ നിന്ന് റോഡ് 9.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത് എന്നാണ് പ്രാഥമിക കണക്കുകൾ. മോഷണത്തിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ ഇവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികളെ കണ്ടെത്താൻ പോലീസ് ഊർജ്ജിത അന്വേഷണം ആണ് നടത്തുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പോലീസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്.
Discussion about this post