തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തന്നെ പരാതിക്കാരി മനപ്പൂർവ്വം കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് സിദ്ദിഖിന്റെ ഹർജിയിൽ പറയുന്നത്. പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് ആരോപിക്കുന്നു.
തനിക്കെതിരെ പരാതിക്കാരി കള്ള സാക്ഷി സൃഷ്ടിച്ചു. മസ്‌ക്കറ്റ് ഹോട്ടലിൽ തന്റെ മുറിയിലേക്ക് എത്തിച്ച ആൾ എന്ന നിലയിലാണ് കള്ള സാക്ഷിയെ പരാതിക്കാരി സൃഷ്ടിച്ചിരിക്കുന്നത്. തന്നെ കുടുക്കാൻ മനപ്പൂർവ്വമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. തനിക്കെതിരെ നിയന്തരം ആരോപണം ഉന്നയിച്ചപ്പോൾ താൻ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് പരാതിക്കാരി ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നതും പോലീസിൽ പരാതി നൽകിയതും.
പരാതിയിൽ ഗൂഢാലോചനയുണ്ട്. തന്നെ കുടുക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ഈ നീക്കം. പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഹർജി തള്ളിയത് എന്നും സിദ്ദിഖ് ഹർജിയിൽ വാദിക്കുന്നു.
അതേസമയം അറസ്റ്റ് ഭയന്ന് സിദ്ദിഖ് ഒളിവിൽ പോയിരിക്കുകയാണ്. നാല് ദിവസമായി സിദ്ദിഖിനായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. കേരളത്തിൽ ഹോട്ടലുകൾ ഉൾപ്പെടെ പോലീസ് അരിച്ച് പെറുക്കുന്നുണ്ട്. ചെന്നൈ ഉൾപ്പെടെ അദ്ദേഹം പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. നടന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ പോലീസ് നിരീക്ഷണത്തിലാണ്. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകും എന്നാണ് സിദ്ദിഖ് പ്രതീക്ഷിക്കുന്നത്. അതിനാൽ അതുവരെ ഒളിവിൽ തുടരാനാണ് തീരുമാനം.
പരാതി ഗൗരവമുളളത് ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ മാസങ്ങളോളം റിമാൻഡിൽ തുടരേണ്ട അവസ്ഥ അദ്ദേഹത്തിന് ഉണ്ടാകും. അതിനാലാണ് കോടതി വിധി വരുന്നതുവരെ ഒളിവിൽ തുടരുന്നത്.
Discussion about this post