കൊച്ചി: ജീവിതത്തിനിടയ്ക്ക് ഒരു പ്രണയലേഖനം എഴുതിയവരും അതിനായി കൊതിച്ചവരും ഉണ്ടാവും. ജീവിതത്തിന്റെ തിരക്കിനിടെ ആ പ്രണയകാലം ഓർത്തെടുത്ത് ഒരു പ്രണയലേഖനം എഴുതാൻ താത്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. രമണന്റെയും ചന്ദ്രികയുടെയും പ്രണയകാവ്യം മലയാളികൾക്ക് സമ്മാനിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാണ് പ്രണയലേഖനമെഴുത്ത് മത്സരം.
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയാണ് സംഘാടകർ. ആർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം ലഭിക്കും. മൊബൈൽ മെസേജുകളിൽ പ്രണയം പൂക്കുന്ന കാലത്ത്, പ്രണയാക്ഷരങ്ങൾ യുവാക്കളിൽ നിന്ന് അന്യമാകുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ് മത്സരത്തോടുള്ള പ്രതികരണം. അന്വേഷണങ്ങൾക്കും രജിസ്‌ട്രേഷനും കുറവില്ലെങ്കിലും ബഹുഭൂരിഭാഗവും 50 കഴിഞ്ഞവരാണ്. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ രണ്ടു പേർ മാത്രമാണ് 30ൽ താഴെ പ്രായമുള്ളവർ. കൗമാരക്കാർ ആരുമില്ല. പെൺകുട്ടികളും കുറവാണ്. പ്രേമം വിഷയമായി വീഡിയോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരത്തിനും നല്ല പ്രതികരണമാണ്. ഏതാനും വീഡിയോകൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.
പ്രേമലേഖ മത്സരലേഖനം മത്സരം ഒക്ടോബർ 2ന് 11 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഹാളിലാണ് നടത്തുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 30ന് മുമ്പ് പേര് നൽകണം. രമണൻ അടക്കമുള്ള ഖണ്ഡകാവ്യങ്ങളും കവിതാസമാഹാരങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്.
Discussion about this post