ബെയ്ജിംഗ്: ചൈനയിൽ മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പ് പൊട്ടിത്തെറിച്ചു. നാന്നിംഗിൽ ആയിരുന്നു സംഭവം. 33 അടിയോളം ഉയരത്തിൽ ചീറ്റിയ മനുഷ്യവിസർജ്യം അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും വാഹനങ്ങളിലും തെറിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 24 നായിരുന്നു സംഭവം എന്നാണ് വിവരം. മനുഷ്യവിസർജ്യം കടന്നുപോകുന്ന പൈപ്പിനോട് ചേർന്ന് മാലിന്യം കടന്നു പോകുന്നതിനായി പുതിയ പൈപ്പ് സ്ഥാപിച്ചിരുന്നു. നിർമ്മാണ തൊഴിലാളികൾ ഇതിന്റെ പ്രഷർ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് പൈപ്പ് പൊട്ടിത്തെറിച്ചത്.
സംഭവ സമയം പൈപ്പിന് സമീപത്ത് കൂടി നിരവധി വാഹനങ്ങളാണ് കടന്നുപോയിക്കൊണ്ടിരുന്നത്. വലിയ ശബ്ദത്തോട് കൂടിയാണ് പൈപ്പ് പൊട്ടിയത്. ഇതിന് പിന്നാലെ വിസർജ്യം ഫൗണ്ടൻ പോലെ ഉയർന്ന് പൊങ്ങുകയായിരുന്നു. മീറ്ററുകളോളം ദൂരേയ്ക്ക് ഇത് തെറിച്ച് വീണു. പൈപ്പ് ലൈനിന് സമീപം ഉണ്ടായിരുന്ന തൊഴിലാളികളുടെ ശരീരത്തിൽ മുഴുവൻ വിസർജ്യം വീണു. വാഹനങ്ങളും വിസർജ്യത്തിൽ മുങ്ങി. വലിയ ദുർഗന്ധം ആയിരുന്നു പ്രദേശത്ത് വമിച്ചത്. പിന്നാലെ ശുചീകരണ തൊഴിലാളികളും അധികൃതരും എത്തി പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഗ്ലാസുകളിൽ മഞ്ഞ നിറത്തിലുള്ള ദ്രാവകം വീണതോടെ പലർക്കും ആശങ്കയായി. മഴയാണോയെന്നും ആളുകൾ സംശയിച്ചു. എന്നാൽ രൂക്ഷമായ ദുർഗന്ധം വന്നതോടെ മഴയല്ലെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീടാണ് മനുഷ്യവിസർജ്യം കടന്ന് പോകുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമായത്.
https://twitter.com/i/status/1839698183967916259
Discussion about this post