എറണാകുളം: നടിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ സിദ്ദിഖ് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന സർക്കാർ. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാമേക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. നടനെ ഒളിവിൽ പോകാൻ സഹായിച്ചത് ഉന്നതരാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഉന്നതരുടെ തണലിലാണ് സിദ്ദിഖ് ഉള്ളത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും നിയമത്തെ അംഗീകരിക്കാൻ മടി കാണിക്കുകയാണ് സിദ്ദിഖ്. അതിനാലാണ് ഇത്തരത്തിൽ ഒളിച്ചിരിക്കുന്നത് എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് സിദ്ദിഖിന്റെ അപേക്ഷ കോടതി പരിഗണിക്കുക. ഈ വേളയിൽ നടനെതിരെ സർക്കാർ കൂടുതൽ കാര്യങ്ങൾ കോടതിയെ അറിയിക്കും.
സിദ്ദിഖിനെ സംരക്ഷിക്കുന്ന ഉന്നതരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. തെളിവുകൾ ലഭിച്ചാൽ തിങ്കളാഴ്ച ഈ വിവരങ്ങൾ കോടതിയെ അറിയിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയാണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരാകുക.
ഒരാഴ്ചയായി സിദ്ദിഖ് ഒളിവിൽ കഴിയുകയാണ്. കൊച്ചിയിൽ തന്നെയാണ് സിദ്ദിഖ് ഉള്ളതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ നഗരം മൊത്തം പോലീസ് അരിച്ച് പെറുക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സിദ്ദിഖിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
Discussion about this post