എറണാകുളം: മമ്മൂട്ടിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലേക്ക് ദിവ്യ ഉണ്ണിയ്ക്ക് പകരം മഞ്ജു വാര്യരെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന് സംവിധായകൻ ലാൽ ജോസ്. എന്നാൽ മഞ്ജു വാര്യരുടെ അച്ഛന്റെ നിർബന്ധ പ്രകാരം നടി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ദിലീപ് ആയിരുന്നു ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
താനും ദിലീപുമായി വലിയ സൗഹൃദമാണ് ഉള്ളത്. ഇക്കാര്യം മഞ്ജുവിന്റെ അച്ഛനും അറിയാം. ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മഞ്ജുവുണ്ടാകില്ലെന്ന് പിതാവ് പറയുകയായിരുന്നു.
ചിത്രത്തിൽ മഞ്ജുവുണ്ടെന്ന് അറിഞ്ഞാൽ സുഹൃത്തെന്ന നിലയിൽ ദിലീപ് ഇടയ്ക്കിടയ്ക്ക് സെറ്റിൽ വരും. മഞ്ജുവിനും ദിലീപിനും സംസാരിക്കാനുള്ള അവസരം താൻ ഒരുക്കി നൽകുമെന്ന് അദ്ദേഹം ഭയന്നു. ഇതേ തുടർന്നാണ് മഞ്ജു സിനി്മയിൽ നിന്നും ഒഴിവായത്. പകരം ദിവ്യ ഉണ്ണിയെ നായികയാക്കി. പടം കഴിഞ്ഞപ്പോൾ മഞ്ജുവിനെക്കാൾ ആ കഥാപാത്രത്തിന് അനുയോജ്യം ദിവ്യ ഉണ്ണി ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post