എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പോലീസിൽ പരാതി നൽകി ആലുവ സ്വദേശിനിയായ നടി. ഹോട്ടൽ മുറിയിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പോലീസിനെ സമീപിച്ചത്. അതേസമയം നടിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് ബാലചന്ദ്രമേനോൻ പ്രതികരിച്ചു. മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ ഈ നടി നൽകിയ പരാതികൾ പോലീസിന്റെ പരിഗണനയിൽ ഉണ്ട്.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. 2007 ജനുവരിയിൽ ആയിരുന്നു സംഭവം എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം. ഹോട്ടൽ മുറിയിൽവച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നടി ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും പോലീസിനെ സമീപിച്ചിരിക്കുന്നത്. പണം ലക്ഷ്യമിട്ട് നടിയും അഭിഭാഷകനും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. തനിക്കെതിരെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ പരാതി നൽകിയത്. മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കുമാണ് പരാതി. നടിയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നാണ് ബാലചന്ദ്രമേനോന്റെ നിലപാട്.
Discussion about this post