എറണാകുളം : സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സർക്കാർ. ലൈംഗിക പീഢനപരാതിയിൽ പ്രതിയായ മുകേഷിനെ ഒഴിവാക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് അദ്ധ്യക്ഷൻ. സമിതിയിൽ നടിമാരായ പത്മപ്രിയ നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളാണ്. പുതിയ കൺവീനർ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആണ്. സമിതി രൂപീകരിച്ചപ്പോൾ സാംസ്‌കാരിക വകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു കൺവീനർ. അവർ സർവ്വീസിൽ നിന്നും വിരമിച്ചതിനാലാണ് പുതിയ കൺവീനർ സ്ഥാനത്തേക്ക് നിയമിച്ചിരുക്കുന്നത്. പത്തംഗങ്ങളുള്ള സമിതിയിലെ അംഗങ്ങൾ ഇപ്പോൾ ഏഴാക്കി മാറ്റിയിരിക്കുകയാണ്.
2023 ജൂലായിൽ ആണ് പത്തംഗ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി, നടി മഞ്ജു വാര്യർ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സിനിമയിലെ തിരക്കായതിനാൽ, അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് സർക്കാറിനെ അറിയിച്ച് ഇരുവരും സ്വമേധയാ പിന്മാറുകയായിരുന്നു.
Discussion about this post